വാഷിങ്ടൻ : തിരിച്ചു വരവിനായി ട്രംപ് വഴി വെട്ടിയത് ഒറ്റയ്ക്കായിരുന്നില്ല. അമേരിക്കൻ ജനതയിലെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പിച്ചുള്ള ഒരു സംഘത്തിന്റെ കൂടി പിന്തുണയോടെയായിരുന്നു ട്രംപിന്റെ രണ്ടാം വരവ്. ‘മാഗ്അവഞ്ച്വേഴ്സ്’ എന്ന ഈ സംഘത്തിലെ എല്ലാവർക്കും അവരുടെതായ മികവുകളുണ്ടായിരുന്നു. ട്രംപിന്റെ പ്രകടനപത്രികയും പ്രചാരണവും രൂപപ്പെടുത്തുന്നതിലും അതു ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ഈ മികവു വലിയ പങ്കാണ് വഹിച്ചത്. ടീം അംഗങ്ങളെ പരിചയപ്പെടാം.
തുൾസി ഗബാർഡ്
മുൻ ഡെമോക്രാറ്റിൽ നിന്നാണ് ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിൽ ഒരാൾ എന്ന നിലയിലേക്കു തുൾസി ഗബാർഡ് എത്തിയത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പരമ്പരാഗത നിലപാടുകളോട് ശക്തമായ വിമർശനം നടത്തുന്നതിലൂടെ ശ്രദ്ധേയ.
വിവേക് രാമസ്വാമി
ഇന്ത്യൻ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമി ടീമിലെ പുതിയകാലത്തെ അമേരിക്കൻ യുവത്വത്തിന്റെയും കുടിയേറ്റക്കാരുടെയും പ്രതിനിധിയാണ്. അമേരിക്കൻ ദേശീയതയുടെയും രാജ്യസ്നേഹത്തിന്റെയുമെല്ലാം അടിയുറച്ച വക്താവാണ് വിവേക്. എല്ലാം കൊണ്ടും ട്രംപിന്റെ ആശയങ്ങളോട് യോജിക്കുന്ന ആൾ.
റോബർട്ട് എഫ്.കെന്നഡി ജൂനിയർ
കെന്നഡി കുടുംബത്തിലെ അനന്തരാവകാശിയെ കൃത്യമായ ലക്ഷ്യങ്ങളോടെയാണ് ട്രംപ് ടീമിൽ ഉൾപ്പെടുത്തിയത്. വ്യവസ്ഥാപിത സംവിധാനങ്ങളുടെ വലിയ വിമർശകനായ ജൂനിയർ കെന്നഡി അത്തരം താൽപര്യങ്ങളുള്ള വലിയ വിഭാഗത്തിന്റെ വോട്ട് നേടാൻ സഹായകമായി.
ഇലോൺ മസ്ക്
ട്രംപിന്റെ പ്രചാരണത്തിന് പണവും പിന്തുണയും ആശയങ്ങളുമായി എല്ലാ അർഥത്തിലുമുള്ള സഹായം. ചെറുപ്പക്കാരുടെ വോട്ടുകൾ നേടിയെടുത്തതിൽ വലിയ പങ്ക് വഹിച്ചു.
ജെ.ഡി.വാൻസ്
രണ്ടു പുസ്തകങ്ങളുടെ രചയിതാവായ ജെ.ഡി.വാൻസിന്റെ പശ്ചാത്തലം വലിയ വിഭാഗം വോട്ടർമാരെ സ്വാധീനിക്കുന്നതിൽ സഹായകമായി. ദരിദ്രകുടുംബത്തിൽനിന്ന് ഉന്നത നിലയിലേക്കു വന്ന വാൻസ് സാധാരണക്കാരായ വോട്ടർമാരെ വലിയ തോതിൽ സ്വാധീനിച്ചു.
ടക്കർ കാൾസൺ
മുൻ ഫോക്സ് ന്യൂസ് അവതാരകൻ. നിലവിൽ എക്സിലൂടെ ഷോ അവതരിപ്പിക്കുന്നു. ട്രംപിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച ആൾ.