നാലു വർഷം മുൻപത്തെ തോൽവിയുടെ കണക്കുതീർത്ത് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഡോണൾഡ് ട്രംപിന്റെ തിരിച്ചുവരവ്. ഫലം നിർണയിക്കുന്നതിൽ പ്രധാനമെന്നു വിലയിരുത്തപ്പെട്ട 7 സംസ്ഥാനങ്ങളിൽ ഒന്നുപോലും വിട്ടുകൊടുക്കാതെയായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിന്റെ മുന്നേറ്റം. വിജയത്തിന് 270 ഇലക്ടറൽ വോട്ട് വേണമെന്നിരിക്കെ, ട്രംപ് ഇതിനകം 291 ഇലക്ടറൽ വോട്ടുകൾ നേടിക്കഴിഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന് ഒടുവിലത്തെ വിവരപ്രകാരം 223 ഇലക്ടറൽ വോട്ടുകളേയുള്ളൂ.
2016– 2020 കാലത്തു പ്രസിഡന്റായിരുന്ന ട്രംപ് 78–ാം വയസ്സിലാണു വൈറ്റ്ഹൗസിലേക്കു തിരികെയെത്തുന്നത്; യുഎസിൽ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്. യുഎസിന്റെ 47–ാം പ്രസിഡന്റായി ജനുവരിയിലാകും സ്ഥാനമേൽക്കുക. പുതിയ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ ഭാര്യ ഉഷ ചിലുകുറി ആന്ധ്രക്കാരിയാണ്.
ഇഞ്ചോടിഞ്ചു പോരാട്ടമെന്ന സർവേ ഫലങ്ങളെ അപ്രസക്തമാക്കിയാണു ട്രംപിന്റെ വിജയം. 2016 ൽ പ്രസിഡന്റായെങ്കിലും ജനകീയ വോട്ടുകളുടെ എണ്ണത്തിൽ പിന്നിൽ പോയിരുന്ന ട്രംപ് ഇത്തവണ ആ കുറവും പരിഹരിച്ചു. ട്രംപ് 7.14 കോടി ജനകീയ വോട്ടുകൾ നേടിയപ്പോൾ കമല നേടിയത് 6.64 കോടി. ലീഡ് 50 ലക്ഷത്തിലേറെ. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. നോർത്ത് കാരോലൈനയിലും ജോർജിയയിലും ജനവോട്ടിൽ മുന്നിലെത്തുകയും വിസ്കോൻസെനിൽ വിജയിക്കുകയും ചെയ്തതോടെയാണ് ട്രംപ് 270 എന്ന മാന്ത്രികസംഖ്യ മറികടന്നത്. ആകെ 538 ഇലക്ടറൽ വോട്ടുകളാണുള്ളത്.
തിരഞ്ഞെടുപ്പ് അട്ടിമറി ഉൾപ്പെടെയുള്ള കേസുകളിലായി 2 തവണ കുറ്റവിചാരണയും സാമ്പത്തിക തിരിമറിക്കേസുകളിലെ പ്രതികൂല വിധികളും നേരിട്ടാണ് ട്രംപിന്റെ തിരിച്ചുവരവ്.