വാഷിങ്ടണ്‍: പരിസ്ഥിതി സംരക്ഷണത്തിനുള്ള പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറുന്ന ഉത്തരവിൽ ഒപ്പിട്ട് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ലോകാരോഗ്യ സംഘടനയ്ക്കുളള എല്ലാ സഹായവും യുഎസ് അവസാനിപ്പിക്കുന്ന ഉത്തരവും ട്രംപ് പുറത്തിറക്കി. നാലു വർഷം മുൻപ് തനിയ്ക്കുവേണ്ടി കാപിറ്റോൾ മന്ദിരത്തിനുള്ളിൽ കടന്ന് കലാപം ഉണ്ടാക്കിയ അക്രമികളെ ട്രംപ് കുറ്റവിമുക്തരാക്കി.
ലോകാരോഗ്യ സംഘടനയിൽ ഇനി അമേരിക്ക ഇല്ല. ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകുന്ന ഭീമമായ സാമ്പത്തിക സഹായം അനാവശ്യ ചെലവാണെന്ന് ട്രംപ് പറഞ്ഞു. വിഷവാതകങ്ങൾ കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനും ലക്ഷ്യമിട്ട് ലോകരാജ്യങ്ങൾ ഒപ്പിട്ട പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറിയെന്ന ഉത്തരവിലും ട്രംപ് ഒപ്പിട്ടു. കരാർ രാജ്യത്തിൻറെ വളർച്ചയ്ക്ക് തടസമാണെന്നാണ് ട്രംപിന്റെ നിലപാട്.
നാലു വർഷം മുൻപ് ട്രംപിനുണ്ടായ തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാതെ ക്യാപിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചുകയറി അക്രമം നടത്തിയ 1600 അനുയായികളെ രക്ഷിച്ചെടുക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പിട്ടു. ലോകത്തിനു മുന്നിൽ അമേരിക്കയെ നാണംകെടുത്തിയ ഈ കലാപകാരികൾക്ക് ഇനി തുടർ വിചാരണ ഇല്ല. പ്രസിഡന്റിന്റെ സവിശേഷ അധികാരം ഉപയോഗിച്ച് ആണ് ട്രംപ് ഇവരെ കുറ്റവിമുക്തരാക്കിയത്.
അനധികൃത കുടിയേറ്റം തടയാൻ മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. അമേരിക്കയിലെ90 ലക്ഷത്തോളം വരുന്ന ലൈംഗിക ന്യൂനപക്ഷങ്ങൾ ഇനി രേഖകളിൽ ഉണ്ടാവില്ല. അമേരിക്കയിൽ രണ്ടു വർഗ്ഗമേയുള്ളൂ, ആണും പെണ്ണും എന്ന് പ്രഖ്യാപിച്ച ട്രംപ് സർക്കാർ രേഖകളിൽ ട്രാൻസ്‌ജെൻഡറുകൾ ഉണ്ടാവില്ലെന്ന ഉത്തരവിലും ഒപ്പിട്ടു.