വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ. ടെസ്്ല സി.ഇ.ഒ എലോണ്‍ മസ്ക് 44 ബില്ല്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതോടെ നിരവധിപേരുടെ ജോലി പോയിരുന്നു. കഴിഞ്ഞ ഒക്ടോബർ 22 നാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കുന്നത്. ലോകം മുഴുവനുള്ള കമ്പനി ജീവനക്കാരെ പിരിച്ചുവിടൽ കാര്യമായി ബാധിച്ചു. നവംബറിലാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി 3700ലധികം പേരെ മസ്ക് പിരിച്ചുവിട്ടത്.
ട്വിറ്ററിന് വരുമാനത്തില്‍ നഷ്ടമാണെന്നായിരുന്നു മസ്കിന്‍റെ വിശദീകരണം. സെയിൽസ്, ആപ്പ്, ടെക്നോളജി എന്നീ മേഖലകളില്‍ ജോലി ചെയ്തിരുന്നവരെയാണ് ഇത്തവണ പിരിച്ചുവിട്ടത് എന്നാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ കമ്പനിയിലെ ജോലിക്കാരുടെ എണ്ണം രണ്ടായിരത്തില്‍ താഴെയായെന്നും പറയുന്നു. എങ്കിലും കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.
ഇന്ത്യയിൽ വേരിഫൈഡ് അക്കൗണ്ടുകളില്‍ നിന്ന് 650 രൂപ വീതം ഓരോ മാസവും സര്‍വീസ് ചാർജ് ഈടാക്കുമെന്ന് ഫെബ്രുവരി ആദ്യം ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. നാലായിരം ക്യാരക്ടേഴ്സ് വരെ വരുന്ന തരത്തിൽ ലോങ് ട്വീറ്റ് എന്ന പുതിയ സംവിധാനവും ട്വിറ്റര്‍ നടപ്പിൽ വരുത്തിയിരുന്നു. മൈക്രോ ബ്ലോഗിങ് വഴി വരുമാനം നേടാൻ ഉപയോക്താക്കളെ ഇത് സഹായിക്കുമെന്ന് ട്വിറ്റർ നേരത്തെ അറിയിച്ചിരുന്നു.