ഒട്ടാവ: ലാന്‍ഡിങ്ങിനിടെ തീപ്പിടിച്ച് എയര്‍ കാനഡ വിമാനം. കാനഡയിലെ ഹാലിഫാക്‌സ് വിമാനത്താവളത്തിലാണ് സംഭവം. ആളപായമില്ല. വിമാനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ലാന്‍ഡിങ് ഗിയര്‍ തകരാറിലായതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന് തീപിടിക്കുന്നത്.
ദക്ഷിണകൊറിയയില്‍ ജെജു എയര്‍ലൈന്‍സിന്റെ വിമാനം അപകടത്തില്‍പെട്ട് നൂറിലേറെ പേര്‍ മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കാനഡയില്‍ നിന്ന് വന്‍ വിമാനദുരന്തം ഒഴിവായതിന്റെ വാര്‍ത്തകളും പുറത്തുവരുന്നത്. ജെജു എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് സൂചനകള്‍.
ഹാലിഫാക്‌സ് വിമാനത്താവളത്തില്‍ പൊട്ടിയ ലാന്‍ഡിങ് ഗിയറുമായി റണ്‍വേയില്‍ ഇറങ്ങിയതോടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറുകയും ചിറകുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. ഏറെ നേരത്തെ പരിഭ്രാന്തിക്ക് ശേഷം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
ദക്ഷിണകൊറിയയില്‍ ജെജു എയര്‍ലൈന്‍സിന്റെ വിമാനം അപകടത്തില്‍പെട്ട് 120 പേര്‍ മരണപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇന്നുരാവിലെ കൊറിയന്‍ പ്രാദേശിക സമയം 9.07നായിരുന്നു അപകടം സംഭവിച്ചത്. ബാങ്കോക്കില്‍ നിന്ന് തിരിച്ചുവരികയായിരുന്ന വിമാനം ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച വിമാനം കത്തിച്ചാമ്പലായി. ജീവനക്കാരുള്‍പ്പെടെ 181 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു.