ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ അമേരിക്കയെ അതൃപ്തി അറിയിച്ച് കേന്ദ്ര സർക്കാർ. ഡൽഹിയിലെ യു.എസ് നയതന്ത്ര പ്രതിനിധി ഗ്ലോറിയ ബർബേനയെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. എംബസിയിൽ ആക്ടിങ് ഡെപ്യൂട്ടി അംബാസഡറാണ് ഗ്ലോറിയ. നേരത്തേ കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതികരിച്ച ജർമനിയുടെ നയതന്ത്ര പ്രതിനിധിയെയും വിളിപ്പിച്ചിരുന്നു.
ഇന്ത്യയിലെ ചില നിയമനടപടികളെക്കുറിച്ച് യു.എസ് വിദേശകാര്യ വക്താവ് നടത്തിയ പരാമർശത്തോട് ശക്തമായി വിയോജിക്കുന്നുവെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പരമാധികാരം, ആഭ്യന്തര കാര്യങ്ങൾ എന്നിവയോട് മറ്റു രാജ്യങ്ങൾ ബഹുമാനം കാണിക്കുമെന്നാണ് നയതന്ത്രത്തിൽ പ്രതീക്ഷിക്കുന്നത്. സമാന ജനാധിപത്യങ്ങളുടെ കാര്യത്തിലാകട്ടെ, ഈ ഉത്തരവാദിത്തം കൂടും. അല്ലെങ്കിൽ അനാരോഗ്യകരമായ രീതികൾ സൃഷ്ടിക്കുന്നതിലാണ് അത് ചെന്നെത്തുക.