വാഷിംഗ്ടൺ: കൂട്ടവെടിവെപ്പിൽ യു.എസിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ബാൽറ്റിമോറിൽ നടന്ന സംഭവത്തിൽ 28 പേർക്ക് പരിക്കേറ്റു. 18കാരി സംഭവ സ്ഥലത്ത് വെച്ചും 20കാരൻ പിന്നീടും മരിച്ചു. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മേരിലാൻഡ് സ്‌റ്റേറ്റിലെ ബ്രൂക്‌ലിനിൽ സ്ട്രീറ്റ് പാർട്ടിക്കിടെ 12.30 യോടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് കമ്മീഷണർ റിച്ച് വോർലി പറഞ്ഞു.
പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ് ഒമ്പത് പേരെ ആംബുലൻസിലും 20 പേരെ കാൽനടയായുമാണ് ആശുപത്രികളിലെത്തിച്ചത്. ബ്രൂക്‌ലിൻ ഡേയെന്ന പരിപാടിക്കിടെയാണ് വെടിവെപ്പ് നടന്നത്. 20 മുതൽ 30 വരെ തവണ വെടിവെപ്പ് ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളിലൊരാൾ ഫോക്‌സ് 45 ടിവി സ്‌റ്റേഷനോട് പറഞ്ഞു.
ഏറെ കൂട്ടവെടിവെപ്പുകൾ നടക്കുന്ന രാജ്യമാണ് യു.എസ്. ഇത്തരം സംഭവങ്ങളിൽ 2022ൽ 44,357 പേരാണ് കൊല്ലപ്പെട്ടത്. ബാൽറ്റിമോറിലെ സംഭവം 337മതാണെന്ന് ഗൺ വയലൻസ് ആർക്കൈവാണ് വ്യക്തമാക്കി. 24,090 പേർ ജീവനൊടുക്കിയതായും അവർ പറഞ്ഞു.