വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻകൂർ വോട്ടെടുപ്പ് ആരംഭിച്ച ജോർജിയയിൽ ആദ്യദിനം 2,52,000 പേർ വോട്ട് രേഖപ്പെടുത്തി. 2020 ൽ ആദ്യദിവസം 1,36,000 പേരാണ് വോട്ട് ചെയ്തത്. മുൻ പ്രസിഡന്റ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഡോണൾഡ് ട്രംപും ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ഡെമോക്രാറ്റ് കമല ഹാരിസും ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നവംബർ 5നാണ്.
നേരത്തേ വോട്ട് ചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ആകെ വോട്ടിൽ ഏഴിലൊന്നും നേരത്തേ ചെയ്യുന്നവയാണ്. ക്രമക്കേട് തടയുന്നതിനായി ജോർജിയ ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങൾ നേരത്തേ വോട്ട് ചെയ്യുന്നതിനുള്ള നിബന്ധനകൾ കർശനമാക്കിയിട്ടുണ്ട്.
ഇതേസമയം, വോട്ടുകൾ ഓരോന്നായി കൈകൊണ്ട് എണ്ണണമെന്ന ജോർജിയ ഇലക‍്ഷൻ ബോർഡ് നിയമം കോടതി തടഞ്ഞു. തിരഞ്ഞെടുപ്പ് കൂടുതൽ സുതാര്യമാക്കാനെന്ന പേരിലാണ് കൺസർവേറ്റീവ് ഭൂരിപക്ഷ ബോർഡ് കഴിഞ്ഞ മാസം 20ന് നിയമം പാസാക്കിയത്. തിരഞ്ഞെടുപ്പു പ്രക്രിയ സങ്കീർണമാക്കുന്ന നടപടിയെന്ന് ഡെമോക്രാറ്റ് പാർട്ടി വിമർശിച്ചിരുന്നു.