ന്യുജേഴ്സി: ബെര്‍ഗെന്‍ കൗണ്ടി കമ്മീഷണര്‍ സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി 21-കാരന്‍ മലയാളി. കേരള സമാജം ഓഫ് ന്യു ജേഴ്സി പ്രസിഡന്റും കോതമംഗലം സ്വദേശിയുമായ ജിയോ ജോസഫിന്റെ മകന്‍ മൈക്കല്‍ ജോസഫാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൈക്കലിനോടൊപ്പം സുപഹൃത്തും 19കാരനുമായ ഡേവിഡ് പ്ലോട്ട്കിനും ബെര്‍ഗന്‍ കൗണ്ടി റിപ്പബ്ലിക്കന്‍ പോളിസി കമ്മിറ്റി യോഗത്തില്‍ അംഗീകാരം നേടി.
ഇരുവരും നവംബറില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളായി വിജയിച്ച ട്രേസി സില്‍ന സൂര്‍, സ്റ്റീവന്‍ ടാനെല്ലി എന്നിവരെയാണ് നേരിടുക. ട്രേസി സില്‍ന നാലുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കൗണ്ടി എക്‌സിക്യൂട്ടീവും ഏഴംഗ കമ്മീഷണര്‍മാരുമാണ് ബെര്‍ഗെന്‍ കൗണ്ടിയില്‍ ഭരണം നടത്തുന്നത്. മറ്റു ചില കൗണ്ടികളിലെ ലെജിസ്ലേറ്റര്‍/ ഫ്രീഹോള്‍ഡര്‍ തന്നെയാണ് ഇവിടെ കമ്മീഷണര്‍.
നിയമബിരുദമാണ് മൈക്കിളിന്റെ ലക്ഷ്യം. നിലവില്‍ ററ്റ്ഗേഴ്‌സ് യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. തൊടുപുഴ കല്ലറക്കല്‍ കുടുംബാംഗം ലിഷയാണ് മാതാവ്. ഒരു സഹോദരിയുണ്ട്.
കൗണ്ടിയില്‍ വിവിധ നഗരങ്ങളില്‍ പ്രചാരണവുമായി തങ്ങള്‍ രംഗത്തുണ്ടായിരുന്നുവെന്ന് മൈക്കിള്‍ പറഞ്ഞു. പാര്‍ട്ടിയുടെ പോളിസി കമ്മിറ്റിയില്‍ മൈക്കിളിനു 57, പ്ലോട്ട്കിനു 56, മറ്റൊരു സ്ഥാനാര്‍ഥിയായ ബാര്‍ബക്ക് അഞ്ച് എന്നിങ്ങനെയായിരുന്നു വോട്ട് ലഭിച്ചത്.
ന്യൂ മില്‍ഫോര്‍ഡില്‍ നിന്നുള്ള കൗണ്ടി കമ്മറ്റി അംഗമാണ് മൈക്കിള്‍. പ്ലോട്ട്ന്‍കിന്‍ റിവര്‍ എഡ്ജ് ബറോ കൗണ്‍സിലില്‍ മത്സരിച്ചിരുന്നു. കൗണ്ടിയില്‍
മൂന്നര ലക്ഷത്തോളമാണ് വോട്ടര്‍മാര്‍. ന്യൂജേഴ്‌സിയില്‍ ഏറ്റവും വലിയ കൗണ്ടിയായ ബെര്‍ഗനില്‍ നിരവധി ഇന്ത്യക്കാരുണ്ട്.