വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യു എസ് പൗരത്വം നേടിയവരില്‍ ഒരു ലക്ഷത്തിന്റെ കുറവ്. 2023 സെപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ കണക്കുകളാണ് പുറത്തുവന്നത്.
വിദേശ പൗരന്മാരായ 8.7 ലക്ഷം പേരാണ് ഈ വര്‍ഷം യു എസ് പൗരത്വം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 9.7 ലക്ഷം പേര്‍ യു എസ് പൗരത്വം നേടിയിരുന്നു.
പുതിയ പൗരന്മാരുടെ എണ്ണത്തിന്റെ 12.7 ശതമാനം മെക്‌സിക്കോയില്‍ നിന്നുള്ളവരാണ്. 1.1 ലക്ഷം മെക്‌സിക്കന്‍ പൗരന്മാരാണ് യു എസില്‍ പൗരത്വം നേടിയത്. മെക്‌സിക്കോയാണ് യു എസ് പൗരത്വം നേടിയവരില്‍ ഒന്നാം സ്ഥാനത്തുള്ളത്.
രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നും പുതിയ പൗരന്മാരുടെ 6.7 ശതമാനമാണ് പ്രാതിനിധ്യം ഉള്ളത്. പുതിയ പൗരന്മാരുടെ പ്രധാന ഉറവിട രാജ്യമെന്ന നിലയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നും 59,100 പേരാണ് അമേരിക്കയെ സ്വന്തം രാജ്യമായി അംഗീകരിച്ചത്.
ഫിലിപ്പൈന്‍സില്‍ നിന്നുള്ള 44800 പേര്‍ യു എസിലെ പുതിയ പൗരന്മാരായപ്പോള്‍ ഡൊമനിക്കന്‍ റിപ്പബ്ലിക്ക്, ക്യൂബ എന്നിവയാണ് അടുത്ത സ്ഥാനങ്ങള്‍ നേടിയത്. ആദ്യ അഞ്ച് രാജ്യങ്ങളില്‍ നിന്നാണ് 32 ശതമാനം പൗരന്മാര്‍ അമേരിക്കക്കാരായത്.
യു സ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു എസ് സി ഐ എസ്) അടുത്തിടെ പുറത്തിറക്കിയ വാര്‍ഷിക പുരോഗതി റിപ്പോര്‍ട്ട്-2023 അനുസരിച്ച് 2022- 2023 സാമ്പത്തിക വര്‍ഷങ്ങളില്‍ നല്‍കിയ യു എസ് പൗരത്വം കഴിഞ്ഞ പത്തു വര്‍ഷത്തെ നാലിലൊന്നാണ്.
കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് ഗ്രീന്‍ കാര്‍ഡ് കൈവശം വച്ച ശേഷം (നിയമപരമായ സ്ഥിര താമസക്കാരന്‍) ഒരു വ്യക്തിക്ക് അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിക്കാം. യു. എസ് പൗരനെ വിവാഹം കഴിച്ച വ്യക്തികള്‍ക്ക് മൂന്ന് വര്‍ഷമാണ് ഗ്രീന്‍ കാര്‍ഡിന്റെ കാലാവധി.