വാഷിങ്ടൻ : യുഎസിലെ ടെന്നിസി സംസ്ഥാനത്തു നഗരത്തിൽ നടുറോഡിൽ പൊലീസിന്റെ ക്രൂരമർദനമേറ്റ് ടൈർ നിക്കോൾസ് മരിച്ചതിനു പിന്നാലെ ഡിപ്പാർട്ട്‌മെന്റിന്റെ ’സ്കോർപിയോൺ’ പിരിച്ചുവിട്ടു. നിക്കോൾസിന്റെ മരണത്തിൽ കുറ്റാരോപിതരായ അഞ്ച് ഉദ്യോഗസ്ഥരും സ്കോർപിയോണിലെ അംഗങ്ങളാണ്.
ക്രൈംസ് ഓപറേഷൻ ടു റീസ്റ്റോർ പീസ് ഇൻ ഔർ നെയ്ബർഹുഡ്സ്’ എന്നതിന്റെ ചുരുക്കരൂപമാണ് ‘സ്കോർപിയോൺ’. പ്രത്യേക മേഖലകളിലെ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 50 പേരടങ്ങുന്നതാണ് സ്കോർപിയോൺ യൂണിറ്റ്. കാർ മോഷണങ്ങളും മറ്റും പോലുള്ള ഉയർന്ന കുറ്റകൃത്യങ്ങള്‍ തടയാൻ വേണ്ടി 2021 ഒക്‌ടോബറിലാണ് ഈ യൂണിറ്റ് ആരംഭിച്ചത്. ടൈർ നിക്കോൾസിനെ മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ‘സ്കോർപിയോൺ’ പിരിച്ചുവിടാനുള്ള തീരുമാനം.
യൂണിറ്റിനെ നിർജ്ജീവമാക്കുന്നത് എല്ലാവരുടെയും താൽപ്പര്യമാണെന്ന് മെംഫിസ് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.ടൈർ നിക്കോൾസിന്റെ കുടുംബം ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ജനുവരി 7ന് മർദനമേറ്റ ആഫ്രോ – അമേരിക്കൻ വംശജനായ ടൈർ നിക്കോൾസ് ചികിത്സയിലിരിക്കെ മൂന്നു ദിവസത്തിനുശേഷമാണ് മരിച്ചത്. സംഭവത്തിനു പിന്നാലെ, തഡാരിയസ് ബീൻ, ഡെമിട്രിയസ് ഹേലി, ഡെസ്മണ്ട് മിൽസ് ജൂനിയർ, എമിറ്റ് മാർട്ടിൻ, ജസ്റ്റിൻ സ്മിത്ത് എന്നീ അഞ്ച് ആഫ്രോ – അമേരിക്കൻ വംശജരായ പൊലീസുകാരെ പുറത്താക്കിയിരുന്നു. കൊലപാതകം, ക്രൂരമായ ആക്രമണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇതിൽ നാലുപേർ ജാമ്യം നേടി.