ഒട്ടാവ: കാനഡയിലെ ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള വിദ്വേഷകരമായ പരാമർശങ്ങളെ അപലപിച്ച് കാനഡയിലെ പ്രതിപക്ഷ നേതാവ് പിയറി പൊയിലിവർ. കാനഡയുടെ എല്ലാ മേഖലകളിലും ഹിന്ദുക്കൾ ‘അമൂല്യമായ സംഭാവനകൾ’ നൽകിയിട്ടുണ്ടെന്നും ഹിന്ദു സമൂഹത്തെ ‘ഏത് സമയവും ഇവിടെ സ്വാഗതം ചെയ്യപ്പെടുമെന്നും’ അദ്ദേഹം പറഞ്ഞു. എക്സിൽ പങ്കുവെച്ച് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. 2019-ൽ ഇന്ത്യയിൽ നിരോധിച്ച ഖലിസ്ഥാൻ ഭികരവാദി ഗുർപത്വന്ത് സിംഗ് പന്നൂൻ ഇന്ത്യൻ വംശജരായ ഹിന്ദുക്കൾ കാനഡ വിടാൻ ഭീഷണിയുടെ പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഓരോ കനേഡിയനും ഭയമില്ലാതെ ജീവിക്കാൻ അർഹതയുള്ളവരാണ്. ഈ അടുത്ത ദിവസങ്ങളിൽ, കാനഡയിലെ ഹിന്ദുക്കളെ ലക്ഷ്യമിട്ട് വെറുപ്പുളവാക്കുന്ന പരാമർശങ്ങൾ ഉയർന്നത് തങ്ങൾ കണ്ടിരുന്നു. ഈ വാദങ്ങളെ ശക്തമായി അപലപിക്കുന്നു. കാനഡയുടെ എല്ലാ മേഖലകളിലും ഹിന്ദുക്കൾ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. അവരെ എന്നും എപ്പോഴും ഇവിടെ സ്വാഗതം ചെയ്യും. – പിയറി പൊയിലിവർ പറഞ്ഞു.
കാനഡ ആസ്ഥാനമായുള്ള വാർത്താ പ്ലാറ്റ്ഫോമായ ഗ്ലോബൽ ന്യൂസ് നടത്തിയ പുതിയ ഇപ്സോസ് വോട്ടെടുപ്പ് പ്രകാരം നിലവിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെക്കാൾ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെയ്‌ക്കാണ് കനേഡിയൻ പൗരന്മാരുടെ പിന്തുണ. 40 ശതമാനം പേരും പിയറിയെയാണ് അംഗീകരിച്ചത്. 2025ലെ അടുത്ത തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരിക്കാൻ കൺസർവേറ്റീവുകൾക്ക് സാധിക്കുമെന്നാണ് ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.