വാഷിംഗ്ടണ്‍: കാനഡയിലെ ഖലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ ഇന്ത്യന്‍ ഇടപെടലുണ്ടായി എന്ന കാനഡയുടെ ആരോപണങ്ങളോട് അനുഭാവപൂര്‍വം പ്രതികരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണിനെ വിമര്‍ശിച്ച് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കിള്‍ റൂബിന്‍ രംഗത്ത് വന്നു. കൊല്ലപ്പെട്ട ഭീകരന്‍ കാനഡ അവകാശപ്പെടുന്നതുപോലെ വെറുമൊരു പ്ലംബര്‍ ആയിരുന്നില്ലെന്നും അയാള്‍ക്ക് വിധ്വംസക പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നും റൂബിന്‍ പറഞ്ഞു.
‘മറ്റ് രാജ്യങ്ങളിലേക്കു കടന്നുകയറിയുള്ള അടിച്ചമര്‍ത്തല്‍’ സംബന്ധിച്ച് യുഎസ് ജാഗ്രത പുലര്‍ത്തുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങളെ ആന്റണി ബ്ലിങ്കണ്‍ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ബ്ലിങ്കണ്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. എന്നാല്‍, വിഷയത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശം നടത്തിയില്ല. കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ നടത്തിയ ആരോപണങ്ങളില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. കാനഡയിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കനേഡിയന്‍ അന്വേഷണം പുരോഗമിക്കുന്നത് നിര്‍ണായകമാണെന്നും ബ്ലിങ്കണ്‍ പറഞ്ഞു. ഈ അന്വേഷണത്തോട് ഇന്ത്യന്‍ സുഹൃത്തുക്കള്‍ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്ലിങ്കന്റെ ഈ പ്രസ്താവനയ്ക്കെതിരേയാണ് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥനും അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ മൈക്കിള്‍ റൂബിന്‍ രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങളില്‍ വിശ്വസനീയമായ തെളിവുകള്‍ പുറത്തുവിടാത്തതില്‍ അദ്ദേഹം കനേഡിയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. ജസ്റ്റിന്‍ ട്രൂഡോ തോക്കില്‍ കയറി വെടിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ദീപ് സിങ് കാനഡ അവകാശപ്പെടുന്നത് പോലെ വെറുമൊരു പ്ലംബര്‍ മാത്രമല്ലെന്നും അയാളുടെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ടെന്നും മൈക്കിള്‍ പറഞ്ഞു. ”നമ്മള്‍ സ്വയം വിഡ്ഢികളാകരുത്. ഒസാമ ബിന്‍ലാന്‍ദന്‍ ഒരു കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയര്‍ മാത്രമായിരുന്നില്ല. അതുപോലെ ഹര്‍ദീപ് സിങ് നിജ്ജാര്‍ കേവലം ഒരു പംബ്ലര്‍ മാത്രമായിരുന്നില്ല. ഒന്നിലധികം ആക്രമണങ്ങളിലൂടെ അയാളുടെ കൈകളില്‍ രക്തം പുരണ്ടിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വലിയൊരു തെറ്റാണ് ചെയ്തിരിക്കുന്നത്. തിരുത്താന്‍ കഴിയാത്ത വിധത്തിലാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നുകില്‍ അദ്ദേഹം തോക്കില്‍ കയറി വെടിവെക്കുകയാണ്. അല്ലെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കുന്നതിന് അദ്ദേഹത്തിന്റെ കൈയ്യില്‍ തെളിവുകളില്ല, ”മൈക്കിള്‍ പറഞ്ഞു. ഒരു ഭീകരവാദിയെ എന്തിന് സംരക്ഷിച്ചുവെന്നതിന് കാനഡ ഉത്തരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്തര്‍ദേശീയ അടിച്ചമര്‍ത്തലുകള്‍ക്കെതിരേ അമേരിക്ക എപ്പോഴും നിലകൊള്ളുമെന്ന് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞേക്കാം. അത്തരമൊരു പ്രസ്താവന നടത്തിയാല്‍ നമ്മള്‍ കാപട്യക്കാരാകും, ഇറാനിയര്‍ ഖുദ്സ് തലവന്‍ ഖാസിം സുലൈമാനിയുടെയും മുന്‍ അല്‍ഖൈ്വദ തലവന്‍ ഒസാമ ബിന്‍ ലാദന്റെയും കൊലപാതകങ്ങളെ പരാമര്‍ശിച്ച് മൈക്കിള്‍ പറഞ്ഞു. അന്താരാഷ്ട്ര അടിച്ചമര്‍ത്തലിനെക്കുറിച്ചല്ല, മറിച്ച് അന്താരാഷ്ട്ര ഭീകരവാദത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ജൂണില്‍ വാങ്കൂറില്‍ വെച്ച് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് കൊല്ലപ്പെട്ടതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ച ആരോപിച്ചിരുന്നു. ഭീകരവാദത്തിന് ധനസഹായം നല്‍കിയതിനും കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിനും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുന്നയാളായിരുന്നു ഹര്‍ദീപ് സിങ്.
ഇതുമായി ബന്ധപ്പെട്ട കാനഡ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. അതിന് മറുപടിയായി ഇന്ത്യ കാനഡയുടെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുകയും ഇന്ത്യയിലേക്കുള്ള കനേഡിയന്‍ പൗരന്മാരുടെ വിസ താത്കാലികമായി നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു