ന്യൂയോർക്: ചൈനക്ക് നിർണായക സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന കുറ്റത്തിന് അറസ്റ്റിലായ യു.എസ് നാവികസേന ഉദ്യോഗസ്ഥൻ കുറ്റം സമ്മതിച്ചതായി ഫെഡറൽ പ്രോസിക്യൂട്ടർമാർ അറിയിച്ചു. കോഴ കൈപ്പറ്റി വിദേശ ഇന്റലിജൻസ് ഉദ്യോഗസ്ഥനുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പെറ്റി ഓഫിസറായ വെൻഹെങ് ഷാവോ (26) സമ്മതിച്ചത്.
ആഗസ്റ്റ് നാലിനാണ് ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. ലോസ് ആഞ്ജലസിന് വടക്കുള്ള വെഞ്ച്വുറ കൗണ്ടി നേവൽ ബേസിൽ ജോലിചെയ്യുന്ന വെൻഹെങ് ഷാവോ ചൈനീസ് ഇന്റലിജൻസ് ഓഫിസറിൽനിന്ന് 15,000 ഡോളർ കോഴ വാങ്ങിയെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ആരോപിക്കുന്നത്. പകരമായി നാവികസേന അഭ്യാസങ്ങളുടെയും നാവിക കേന്ദ്രങ്ങളുടെയും പ്രധാന സേന നീക്കങ്ങളുടെയും വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും ഇയാൾ ചൈനീസ് ഓഫിസർക്ക് കൈമാറി.