വാഷിംഗ്ടണ്‍: യുഎസ് ഹൗസ് സ്പീക്കറുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമവായത്തിലെത്താന്‍ കഴിയാതെ റിപ്പബ്ലിക്കന്മാര്‍. മുന്‍ സ്പീക്കര്‍ കെവിന്‍ മെക്കാര്‍ത്തിയെ നീക്കം ചെയ്തതിനുശേഷം ലൂസിയാന റിപ്പബ്ലിക്കന്‍ പ്രതിനിധി സ്റ്റീവ് സ്‌കാലിസ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാനെത്തിയെങ്കിലും ആവശ്യത്തിന് പിന്തുണലഭിക്കില്ലെന്ന് ബോധ്യമായതോടെ പിന്മാറി. പിന്നീട് ജുഡീഷ്യറി കമ്മിറ്റിയുടെ തീവ്ര വലതുപക്ഷ ചെയര്‍മാനായ ഒഹായോയിലെ പ്രതിനിധി ജിം ജോര്‍ദാനെ വെള്ളിയാഴ്ച ഹൗസ് റിപ്പബ്ലിക്കന്‍മാര്‍ അവരുടെ അടുത്ത സ്പീക്കറായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. എന്നാല്‍ അഅദ്ദേഹത്തെ പിന്തുണയ്ക്കാനും അംഗങ്ങള്‍ വിസമ്മതിച്ചതോടെ അതിനായി നിശ്ചയിച്ചിരുന്ന ഫ്‌ലോര്‍ വോട്ട് പെട്ടെന്ന് മാറ്റിവച്ചു.
81-നെതിരെ 124 എന്ന വോട്ടിന്, ജോര്‍ജിയയിലെ ഒരു മുഖ്യധാരാ യാഥാസ്ഥിതികനും മുന്‍ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുടെ സഖ്യകക്ഷിയുമായ ഓസ്റ്റിന്‍ സ്‌കോട്ടിനെ ജോര്‍ദാന്‍ പരാജയപ്പെടുത്തിയിരുന്നു. അള്‍ട്രാ കണ്‍സര്‍വേറ്റീവ് ഹൗസ് ഫ്രീഡം കോക്കസിന്റെ സഹസ്ഥാപകനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്റെ പ്രിയങ്കരനുമായ ജോര്‍ദനെതിരെ ഒരു പ്രതിഷേധ സ്ഥാനാര്‍ത്ഥിയായി സ്‌കോട്ട് സ്വയം പ്രഖ്യാപിച്ച് മുന്നോട്ട് വരുകയായിരുന്നു.
എന്നാല്‍ ജോര്‍ദാന്‍ മത്സരത്തില്‍ വിജയിച്ചെങ്കിലും, സ്പീക്കര്‍ഷിപ്പിനായുള്ള അദ്ദേഹത്തിന്റെ പാതയില്‍ ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ന്നു. സ്പീക്കര്‍ പദവി നേടാന്‍ ജോര്‍ദാന് 217 വോട്ടുകള്‍ ആവശ്യമാണ്. എന്നാല്‍ ഇതിനായി നടത്തിയ രഹസ്യ വോട്ടെടുപ്പില്‍ ഈ ലക്ഷ്യം നേടാന്‍ അദ്ദേഹത്തിനായില്ല. വലിയൊരു വിഭാഗം റിപ്പബ്ലിക്കന്മാര്‍ ജോര്‍ദാനെ പിന്തുണയ്ക്കുന്നില്ല എന്നാണ് വോട്ടെടുപ്പ് വ്യക്തമാക്കിയത്. സഭ സ്തംഭിപ്പിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട പാര്‍ട്ടിയിലെ രൂക്ഷമായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണിത്.