വാഷിങ്‌ടൻ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സൃഷ്‌ടിക്കുന്ന ഡീപ്ഫേക്കുകൾ സമൂഹമാധ്യമത്തിൽ വർധിക്കുന്നതായി റിപ്പോർട്ട്. അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്‍റെ അശ്ലീല ചിത്രങ്ങൾ, യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ശബ്‌ദത്തിലുള്ള റോബോകോളുകൾ, മരിച്ച കുട്ടികളും കൗമാരക്കാരും സ്വന്തം മരണത്തെക്കുറിച്ച് വിശദീകരിക്കുന്ന വിഡിയോകൾ എന്നിവയെല്ലാം വൈറലായിട്ടുണ്ട്. എന്നാൽ അവയിലൊന്ന് പോലും യഥാർത്ഥമല്ല
നിർമിത ബുദ്ധി ഉപയോഗിച്ച് സൃഷ്‌ടിച്ച തെറ്റിദ്ധരിപ്പിക്കുന്ന ഓഡിയോയും വിഷ്വലുകളും പുതിയതല്ല, എന്നാൽ എഐ സാങ്കേതികവിദ്യയിലെ സമീപകാല മുന്നേറ്റങ്ങൾ അവ സൃഷ്‌ടിക്കുന്നത് എളുപ്പമാക്കുകയും കണ്ടുപിടിക്കാൻ പ്രയാസമാക്കുകയും ചെയ്‌തു. ജോ ബൈഡനെക്കുറിച്ചുള്ള പ്രചരിക്കുന്ന ചിത്രങ്ങളിൽ ഞങ്ങൾ ആശങ്കാകുലരാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി വെള്ളിയാഴ്ച പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിൽ ടെയ്‌ലർ സ്വിഫ്റ്റിന്‍റെ ഡീപ്ഫേക്ക്ഡ് ഇമേജുകൾ വ്യാപകമായി പ്രചരിച്ചു. ദശലക്ഷക്കണക്കിന് കാഴ്ചക്കാർ കണ്ട ഈ ചിത്രങ്ങളുടെ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല. ഇത്തരം ഉള്ളടക്കം പ്രചരിക്കുന്നതിൽ വെെറ്റ് ഹൗസ് ആശങ്ക അറിയിച്ചിട്ടുണ്ട്.
എക്സ് പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ കൃത്രിമമായ ഉള്ളടക്കം പങ്കിടുന്നതിനെതിരെ നിയമങ്ങൾ ഉണ്ടെങ്കിലും, ടെയ്‌ലർ സ്വിഫ്റ്റിനെക്കുറിച്ച് ഡീപ്ഫേക്ക്ഡ് ഇമേജുകൾ നീക്കം ചെയ്യാൻ മണിക്കൂറുകളെടുത്തു. 45 ദശലക്ഷത്തിലധികം കാഴ്‌ചക്കാർ ഈ ദൃശ്യം കണ്ടു. അശ്ലീലമായ കൃത്രിമ ഉള്ളടക്കം തടയുന്നതിൽ കമ്പനികൾക്കും റഗുലേറ്റർമാർക്കും ഉത്തരവാദിത്തമുണ്ടെന്ന് നിർമിത ബുദ്ധി ഗവേഷകനായ ഹെൻറി അജ്‌ദർ പറഞ്ഞു. സെർച്ച് എൻജിനുകളോ ടൂൾ പ്രൊവൈഡർമാരോ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളോ ആകട്ടെ,നിർമിത ബുദ്ധി ഉപയോഗിച്ച ചിത്രീകരിക്കുന്ന വ്യാജ ഉള്ളടക്കം തിരിച്ചറിഞ്ഞ് തടയണമെന്ന് ഹെൻറി അജ്‌ദർ കൂട്ടിച്ചേർത്തു. ടെയ്‌ലർ സ്വിഫ്റ്റിനെക്കുറിച്ചുള്ള ഏകദേശം 500 വിഡിയോകൾ ഡീപ്ഫേക്ക് സൈറ്റായ Mrdeepfakes.com-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബറിൽ, സൈറ്റിന് 12.3 ദശലക്ഷം സന്ദർശനങ്ങൾ ലഭിച്ചതായിട്ടാണ് വിവരം.
‘ഈ കേസ് ഭയാനകവും ടെയ്‌ലർ സ്വിഫ്റ്റിനെ സംബന്ധിച്ചിടത്തോളം അത്യന്തം വിഷമിപ്പിക്കുന്നതുമാണ്, പക്ഷേ ഇത്തരം ഉള്ളടക്കം സൃഷ്‌ടിക്കുന്നതിനുള്ള എളുപ്പം സ്‌ത്രീകളെയും പെൺകുട്ടികളെയും അവർ ലോകത്തെവിടെയായിരുന്നാലും അവരുടെ സാമൂഹിക നിലയോ പരിഗണിക്കാതെ ദ്രോഹിക്കാൻ സാധിക്കും. ഇത്തരം ഉള്ളടക്കം സൃഷ്ടിക്കുന്നവർ കൂടുതലായി സ്ത്രീകളെണ് ലക്ഷ്യമിടുന്നതെന്ന് ഹെൻറി അജ്‌ദർ പറഞ്ഞു.