Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുഎസ് പൗരത്വമുള്ളവരുടെ പങ്കാളികൾക്ക് സ്ഥിര താമസ വിസ, പൗരത്വം: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഉദാരനയവുമായി ബൈഡൻ

യുഎസ് പൗരത്വമുള്ളവരുടെ പങ്കാളികൾക്ക് സ്ഥിര താമസ വിസ, പൗരത്വം: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഉദാരനയവുമായി ബൈഡൻ

അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാർക്ക് പ്രയോജനം ലഭിക്കുന്ന പുതിയ പൗരത്വനയവുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. അമേരിക്കൻ പൗരത്വമുള്ളവരുടെ ജീവിതപങ്കാളികൾക്കാണ് ഈ ഉദാരനടപടി വഴി പ്രയോജനം ലഭിക്കുന്നത്. പൗരത്വമുള്ളവരുടെ കുടിയേറ്റക്കാരായ പങ്കാളികൾക്ക് സ്ഥിരതാമസാനുമതിക്ക് അപേക്ഷിക്കാനാകും. സ്ഥിരതാമസത്തിന് അനുമതി ലഭിച്ചാൽ യുഎസ് പൗരത്വത്തിനും അപേക്ഷിക്കാം. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തണമെന്ന റിപ്പബ്ളിക്കൻ എതിരാളിയും മുൻ അമേരിക്കൻ പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപിനെതിരെയുള്ള കടുത്ത നീക്കമായിട്ടാണ് ബൈഡൻ്റെ പുതിയ നീക്കത്തെ വിലയിരുത്തുന്നത്.

പുതിയ നയപ്രകാരം യുഎസിൽ 10 വർഷമായി താമസിക്കുന്ന 500,000 പങ്കാളികൾക്ക് പൗരത്വത്തിനുള്ള അർഹത ലഭിക്കും. ജൂൺ 17 വരെയുള്ള സമയമാണ് കാലാവധിയായി പരിഗണിക്കുന്നത്. യുഎസ് പൗരത്വമുള്ള വ്യക്തികളുടെ 21 വയസ്സിൽ താഴെയുള്ള 50,000 കുട്ടികൾക്കും ഇതുവഴി പൗരത്വ പരിരക്ഷ ലഭിക്കും.

കുടിയേറ്റക്കാരായ കുടുംബങ്ങളെ മെക്സിക്കോ-യുഎസ് അതിർത്തിയിൽ വെച്ചു പരസ്പരം അകറ്റിയിരുന്ന ട്രംപിൻ്റെ നയത്തെ വളരെ രൂക്ഷമായ ഭാഷയിലാണ് ജോ ബൈഡൻ വിമർശിച്ചത്. രാജ്യത്തിൻ്റെ രക്തത്തിൽ വിഷം കലർത്തുന്നു എന്നുൾപ്പടെയുള്ള പ്രയോഗങ്ങൾ കുടിയേറ്റക്കാർക്കു നേരെ ട്രംപിൻ്റെ കാലത്ത് ഉപയോഗിച്ചിരുന്നു. ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നത് വിശ്വസിക്കാൻ പ്രയാസമാണ്. എന്നാൽ, അദ്ദേഹം ഇത് വളരെ ഉറക്കെയാണ് ഇത് വിളിച്ചു പറയുന്നത്. അത് അന്യായമാണ്. അതിർത്തിയും കുടിയേറ്റവും ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാൻ എനിക്ക് താൽപര്യമില്ല. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് എൻ്റെ താൽപര്യമെന്നും ബൈഡൻ പറഞ്ഞു.

ഡെമോക്രാറ്റ് സ്ഥാനാർഥിയായി നവംബർ അഞ്ചിന് വീണ്ടും ജനവിധി തേടുന്ന ബൈഡൻ്റെ ശക്തമായ കരുനീക്കമാണ് പൗരത്വ ഭേദഗതി. ട്രംപിൻ്റെ കുടിയേറ്റവിരുദ്ധ നയങ്ങളെ തിരുത്തുമെന്ന അവകാശവാദമുമായി അധികാരത്തിലേറിയ ബൈഡൻ കുടിയേറ്റ വിരുദ്ധ നടപടടികൾ ശക്തമാക്കുകയാണ് ചെയ്തത്. യുഎസ്-മെക്സിക്കോ അതിർത്തിയിൽ വൻ തോതിലാണ് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. ജൂൺ ആദ്യവാരത്തിൽ യുഎസ് മെക്സിക്കോ അതിർത്തി കടന്നെത്തുന്ന കുടിയേറ്റക്കാർക്ക് അഭയം നൽകുന്നത് കർശനമായി വിലക്കി. ഇത് ട്രംപിൻ്റെ ഭരണകാലം ഓർമ്മിപ്പിക്കുകയും ബൈഡൻ്റെ കുടിയേറ്റവിരുദ്ധ നയങ്ങൾക്കെതിരെ ഡെമോക്രാറ്റുകൾ തന്നെ രംഗത്തെത്തുകയും ചെയ്തു.

എന്നാൽ പങ്കാളികൾക്ക് പൗരത്വം നൽകുന്നതിലൂടെ നിയമപരമായ പൗരത്വത്തിന് താൻ എതിരല്ലെന്നും അനധികൃത, നിയമവിരുദ്ധ കുടിയേറ്റത്തെ മാത്രമാണ് എതിർക്കുന്നതെന്ന സന്ദേശമാണ് ബൈഡൻ നൽകുന്നത്. മനുഷ്യത്വപരമായ കുടിയേറ്റ നിയമം അവതരിപ്പിക്കുന്നതിലൂടെ, നിയമപരവും, നിയമവിരുദ്ധവുമായ കുടിയേറ്റങ്ങളെ ഒരുപോലെ എതിർത്ത ട്രംപിൽ നിന്നും താൻ വ്യത്യസ്ഥനാണ് എന്ന് തെളിയിക്കാനാണ് ബൈഡൻ്റെ ശ്രമം. സ്റ്റാച്യു ഓഫ് ലിബേർട്ടി അമേരിക്കൻ ചരിത്രത്തിൻ്റെ അവശിഷ്ടമല്ല, നമ്മൾ ആരാണ് എന്നത് ഓർമ്മിപ്പിക്കുന്നതിനുവേണ്ടിയാണ് അത് നിലകൊള്ളളുന്നതെന്നായിരുന്നു തൻ്റെ പുതിയ നയം പ്രഖ്യാപിച്ചുകൊണ്ട് ബൈഡൻ പറഞ്ഞത്. പുതിയ പൗരത്വനയം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നത് ഉറപ്പാണ്. പുതിയ സർക്കാർ അധികാരത്തിലേറിയാൽ ഈ ഉദാരനടപടി റദ്ദാക്കിയെന്നും വരാം. മെക്സിക്കോ പ്രസിഡൻ്റ് ആന്ദ്രേസ് ലോപസ് ഒബ്രഡോർ പുതിയ പൗരത്വനയത്തെ സ്വാഗതം ചെയ്തു. ബൈഡൻ്റെ കുടിയേറ്റ നയത്തിനെതിരെ നിയമപോരാട്ടം തുടങ്ങിയ റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ടെക്സാസ് ഗവർണർ ഗ്രെഗ് അബോട്ട് പുതിയ നയത്തെയും തുറന്നെതിർത്ത് രംഗത്ത് വന്നിട്ടുണ്ട്. കൂടുതൽ വോട്ട് നേടാൻ വേണ്ടിയുള്ള തെറ്റായ നീക്കമെന്നാണ് അദ്ദേഹം വിമർശിച്ചത്.

അമേരിക്കക്കാരായ പങ്കാളിയെ വിവാഹം ചെയ്യുന്നവർക്ക് രാജ്യത്തെ നിയമപരമായി തന്നെ രാജ്യത്ത് താമസിക്കാനാവും. എന്നാൽ അനധികൃതമായി രാജ്യത്ത് എത്തുന്നവർ ആദ്യം അമേരിക്കയിൽ നിന്ന് തിരികെ പോകണം. ഇവരെ വർഷങ്ങൾ കഴിഞ്ഞാലേ തിരികെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇത്തരക്കാർക്ക് ബൈഡൻ്റെ പുതിയ നയം ഗുണകരമാകും. ഇവർക്ക് അമേരിക്ക വിട്ടുപോകാതെ തന്നെ സ്ഥിരതാമസത്തിനായി അപേക്ഷിക്കാം. കുടുംബവുമായി വേർപെടാതെയും വർഷങ്ങളോളം നീളുന്ന നടപടിക്രമങ്ങൾ ഇല്ലാതെയും ഇത് സാധ്യമാകും. സ്ഥിരതാമസത്തിന് അനുമതി ലഭിച്ചാൽ അധികം വൈകാതെ തന്നെ പൗരത്വത്തിനായും ഇവർക്ക് അപേക്ഷിക്കാം. എന്നാൽ പൊതുസുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്നവർക്കും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും ഇതിന് അപേക്ഷിക്കാനാവില്ല. ഈ നയം അധികം വൈകാതെ തന്നെ നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments