സുരക്ഷാ ഭീഷണിയെ തുടർന്ന് വിയന്നയിൽ നടക്കാനിരിക്കുന്ന ടെയ്‌ലർ സ്വിഫ്റ്റിന്റെ 3 സംഗീത പരിപാടികൾ റദ്ദാക്കി.സ്വിഫ്റ്റിൻ്റെ ഇറാസ് ടൂറിൻ്റെ ഭാഗമായുള്ള ഷോകൾ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഏണസ്റ്റ് ഹാപ്പൽ സ്റ്റേഡിയത്തിൽ നടക്കേണ്ടതായിരുന്നു. പരിപാടിക്കിടെ ആക്രമണം ആസൂത്രണം ചെയ്ത രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുള്ളവരാണ് ഇവർ എന്ന് കരുതുന്നു.
“ഏണസ്റ്റ് ഹാപ്പൽ സ്റ്റേഡിയത്തിൽ ആസൂത്രിതമായ ഭീകരാക്രമണം സർക്കാർ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതിനാൽ, എല്ലാവരുടെയും സുരക്ഷയ്ക്കായി ആസൂത്രണം ചെയ്ത മൂന്ന് ഷോകൾ റദ്ദാക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല.” സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു. “എല്ലാ ടിക്കറ്റുകളും അടുത്ത 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് ചെയ്യപ്പെടും” എന്ന് പ്രസ്താവന പറയുന്നു.
ലോവർ ഓസ്ട്രിയ പ്രവിശ്യയിലെ ടെർനിറ്റ്‌സിൽ ബുധനാഴ്ച രാവിലെ 19 കാരനായ ഓസ്ട്രിയൻ പൗരനെ അറസ്റ്റ് ചെയ്തതായി ഓസ്ട്രിയയുടെ പബ്ലിക് സെക്യൂരിറ്റി ജനറൽ ഡയറക്ടർ ഫ്രാൻസ് റൂഫ് പറഞ്ഞു.ഉച്ചകഴിഞ്ഞ് വിയന്നയിൽ രണ്ടാമത്തെ അറസ്റ്റ് നടന്നതായി അദ്ദേഹം പറഞ്ഞു, എന്നാൽ പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. 19 കാരൻ താമസിച്ചിരുന്ന ടെർനിറ്റ്‌സിൽ ഒരു വലിയ പൊലീസ് ഓപ്പറേഷൻ നടന്നു. ഇയാളുടെ വീട്ടിൽ തിരച്ചിൽ നടത്തുന്നതിനിടെ സമീപത്തെ നിരവധി വീടുകൾ ഒഴിപ്പിച്ചു.സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും റൂഫ് പറഞ്ഞു.