യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം അവശേഷിക്കേ, സർവേകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനെ മലർത്തിയടിച്ച് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമലാ ഹാരിസ്. ദേശീയ തലത്തിലും യുഎസ് സംസ്ഥാനങ്ങളിലും നടന്ന അഭിപ്രായ വോട്ടെടുപ്പുകളിൽ ട്രംപിനൊപ്പമോ ട്രംപിന് മുകളിലോ ആണ് കമലയ്ക്ക് ലഭിക്കുന്ന പിന്തുണ.
ഫ്രൈഡേഫൈവ് തേർട്ടിഎയ്റ്റ്, എന്ന തിരഞ്ഞെടുപ്പ് വിശകലന സൈറ്റാണ് വെള്ളിയാഴ്ച രാവിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ സർവേ ഫലം പുറത്ത് വിട്ടത്. ഇതുപ്രകാരം ദേശീയതലത്തിൽ കമല ഹാരിസ് ട്രംപിനേക്കാളും 2.1 പോയിന്റുകൾക്ക് മുന്നിലാണ്.
മിഷിഗൺ സ്റ്റേറ്റിൽ കമല ഹാരിസിന് രണ്ട് പോയിന്റിന്റെ ലീഡുണ്ട്. വിസ്കോസിനിൽ 1.8 പോയിന്റും പെൻസിൽവാനിയയിൽ 1.1 പോയിന്റും ലീഡുണ്ട്. അരിസോണ, ജോർജിയ എന്നീ സംസ്ഥാനങ്ങളിൽ നേരിയ ലീഡ് മാത്രമാണ് ഉള്ളത്. നോർത്ത് കരോലിനയിൽ മൂന്ന് പോയിന്റിന്റെ ലീഡ് ട്രംപിനുണ്ട്. നേവാഡിയയിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്. നേരത്തെ പുറത്ത് വന്ന സി.ബി.എസ്, ബ്ലുംബെർഗ് പോളുകളും ട്രംപിനേക്കാളും മുൻതൂക്കം പ്രവചിച്ചിരുന്നത് കമലഹാരിസനായിരുന്നു.
സിഎൻഎൻ ഡിബേറ്റിലെ ദുർബലമായ പ്രകടനത്തെ തുടർന്ന് മത്സരത്തിൽ നിന്നും നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതോടെയാണ് കമല ഹാരിസ് സ്ഥാനാർഥിയായി എത്തിയത്. ഇതോടെ ട്രംപിനുള്ള മേൽക്കൈ നഷ്ടമാവുകയായിരുന്നു.