വാഷിംഗ്ടൺ: വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനേക്കാൾ സൗന്ദര്യമുണ്ട് തനിക്കെന്ന് മുൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
“ഞാൻ അവരെക്കാളും സുന്ദരനാണ്. ഞാൻ കമലയെക്കാൾ മികച്ച ആളാണെന്ന് ഞാൻ കരുതുന്നു,” പെൻസിൽവാനിയയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ ട്രംപ് പറഞ്ഞു. നവംബറിലെ തിരഞ്ഞെടുപ്പിന്റെ ഫലത്തിൽ നിർണായക സ്വാധീനം ചെലുത്താനാകുന്ന സംസ്ഥാനങ്ങളിലൊന്നാണ് പെൻസിൽവാനിയ.
വാൾസ്ട്രീറ്റ് ജേർണലിൽ കമല ഹാരിസിനെ സുന്ദരിയെന്ന് വിശേഷിപ്പിച്ച ഒരു കോളമാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്ന് അനുമാനിക്കാം. “നിങ്ങൾക്ക് അവരുടെ ഒരു മോശം ചിത്രമെടുക്കാൻ കഴിയില്ല. അവരുടെ സൗന്ദര്യവും വർഷങ്ങളായി അവരെ അറിയുന്ന എല്ലാവരും സംസാരിക്കുന്ന അവരുടെ സാമൂഹിക ഊഷ്മളതയും ചേർന്നതാണ് അവരിലെ പ്രകാശം,” കോളമിസ്റ്റായ പെഗ്ഗി നൂനൻ എഴുതിയത് ഇങ്ങനെയായിരുന്നു.
ഹാരിസ് വെള്ളിയാഴ്ച പ്രഖ്യാപിച്ച സാമ്പത്തിക പദ്ധതിയെ “യുഎസിൽ കമ്മ്യൂണിസം കൊണ്ടുവരുന്ന” പദ്ധതിയാണെന്നും ട്രംപ് പറഞ്ഞു. വെനസ്വേലൻ നേതാവായ നിക്കോളാസ് മഡുറോയുടെ പേര് ചേർത്ത് അദ്ദേഹം അതിനെ “മഡുറോ പ്ലാൻ” എന്ന് വിളിച്ചു.