വാഷിങ്ടൺ: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകൾ എവിടെയുമെത്താതെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ യുഎസിലേക്ക് മടങ്ങി. വെടിനിർത്തൽ കരാർ ഇസ്രായേൽ അംഗീകരിച്ചിട്ടും ഹമാസ് വഴങ്ങുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് ബ്ലിങ്കൺ മടങ്ങുന്നത്. ജൂലൈ രണ്ടിന് ബൈഡൻ മുന്നോട്ടുവെച്ച എല്ലാ നിബന്ധനകളും അംഗീകരിച്ചുള്ള കരാറിന് മാത്രമേ തങ്ങളുള്ളൂവെന്നാണ് ഇസ്രയാലിന്റെ നിലപാട്. എന്നാൽ, ഇസ്രായേൽ പുതിയ നിബന്ധനകൾ വെച്ച് വെടിനിർത്തൽ നടപ്പാക്കാതെ നീട്ടിക്കൊണ്ട് പോകുകയാണെന്ന് ഹമാസും പ്രതികരിച്ചു.
എല്ലാ ബന്ദികളെയും നിരവധി പലസ്തീനി തടവുകാരെയും വിട്ടയക്കുന്നതാണ് ബൈഡൻ മുന്നോട്ടുവെച്ച കരാർ. ഗസ്സയിൽനിന്ന് പൂർണ സൈനിക പിൻമാറ്റം ബൈഡന്റെ നിർദേശത്തിലില്ലെന്നാണ് ഹമാസിന്റെ ആരോപണം. ആറാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ മാത്രമാണ് നെതന്യാഹു അംഗീകരിക്കുന്നത്. അതിന് പകരം എല്ലാ ബന്ദികളെയും ഹമാസ് വിട്ടയക്കണമെന്നും പറയുന്നു. ഗാസ അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് പിന്മാറില്ലെന്നും നെതന്യാഹു പറയുന്നു. നെതന്യാഹുവിന്റെ നിലപാടുകൾ അംഗീകരിക്കില്ലെന്നാണ് ഹമാസ് നേതൃത്വം പറയുന്നത്.