വാഷിംഗ്ടണ്‍ : യുഎസില്‍ അനധികൃതമായി പ്രവേശിച്ച് ഇപ്പോള്‍ യുഎസ് പൗരന്മാരെ വിവാഹം കഴിച്ച കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനുള്ള പാത തുറന്ന ബൈഡന്റെ പുതിയ പദ്ധതിക്കെതിരെ ടെക്സാസും റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളുടെ സഖ്യവും കോടതിയിലേക്ക്. ബൈഡന്‍ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ വെള്ളിയാഴ്ച കേസ് നല്‍കി.
പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച മുതല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. എന്നാലിത് അഡ്മിനിസ്‌ട്രേഷന്റെ അധികാരത്തെ മറികടക്കുകയും യു.എസ് ഇമിഗ്രേഷന്‍ നിയമങ്ങളുടെ ഉദ്ദേശം മറികടക്കുകയും ചെയ്തുവെന്ന് കേസ് വാദിക്കുന്നു. യു.എസ് പൗരന്മാരെ വിവാഹം ചെയ്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിലൂടെ കുടുംബങ്ങളെ ഒരുമിച്ച് നിലനിര്‍ത്താനാകുമെന്നത് പുതിയ പദ്ധതിയുടെ വലിയ നേട്ടമായാണ് ബൈഡന്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
യുഎസില്‍ അനധികൃതമായി പ്രവേശിച്ചവരും കുറഞ്ഞത് 10 വര്‍ഷമായിട്ടെങ്കിലും താമസിക്കുന്നവരുമായ ഏകദേശം 500,000 കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനുള്ള ഒരു പാതയായിരുന്നു ഈ തീരുമാനം ഒരുക്കിയത്. അല്ലെങ്കില്‍ നിയമപരമായി യു.എസില്‍ തുടരാനാകാതെ അവര്‍ക്ക് മടങ്ങേണ്ടി വരുമെന്നും ഇത് കുടുംബ ബന്ധങ്ങളെയും പങ്കാളികളേയും ബാധിക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. അതോടൊപ്പം കുടുംബങ്ങളെ ഒരുമിച്ച് നിലനിര്‍ത്തുന്നത് 21 വയസ്സിന് താഴെയുള്ള 50,000 കുട്ടികളെ യു.എസ്-പൗരനായ രക്ഷിതാവിനൊപ്പം താല്‍ക്കാലിക പദവി നേടാനും അനുവദിക്കുന്നു, അത് പൗരത്വത്തിലേക്കുള്ള പാത ഒരുക്കും.
നവംബര്‍ 5-ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനധികൃത കുടിയേറ്റത്തെ കേന്ദ്രബിന്ദുവാക്കിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണം പലപ്പോഴും നീങ്ങിയത്. ട്രംപ് ഉപദേഷ്ടാവ് സ്റ്റീഫന്‍ മില്ലറുടെ നേതൃത്വത്തിലുള്ള അമേരിക്ക ഫസ്റ്റ് ലീഗല്‍ എന്ന സംഘടന, റിപ്പബ്ലിക്കന്‍ അറ്റോര്‍ണി ജനറലിനൊപ്പം ടെക്സാസിനും മറ്റ് 15 സംസ്ഥാനങ്ങള്‍ക്കും ഒപ്പം കേസില്‍ കോ-കൗണ്‍സലായി പ്രവര്‍ത്തിച്ചതും ഈ നീക്കത്തിന്റെ ഭാഗമാണ്.
അതേസമയം, ടെക്‌സസ് ഉള്‍പ്പെടെ നടത്തുന്ന നീക്കം കുടുംബങ്ങളെ വേര്‍പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരാണെന്നും വൈറ്റ് ഹൗസ് വക്താവ് ആഞ്ചലോ ഫെര്‍ണാണ്ടസ് ഹെര്‍ണാണ്ടസ് പറഞ്ഞു,
ഇമിഗ്രേഷന്‍, അതിര്‍ത്തി പ്രശ്‌നങ്ങള്‍ എന്നിവയെച്ചൊല്ലി ബൈഡന്‍ ഭരണകൂടവുമായി കോടതിയില്‍ പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട് ടെക്‌സസ്.