നാടുകടത്തപ്പെട്ട കുടിയേറ്റക്കാരെ കൊണ്ടുപോകുന്ന യുഎസ് സൈനിക വിമാനങ്ങൾ തിരിച്ചുവിടാനുള്ള കൊളംബിയയുടെ തീരുമാനത്തെ തുടർന്ന് കൊളംബിയക്ക് എതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച് ട്രംപ്. കൊളംബിയൻ അഭയാർഥികളെ ചങ്ങലക്കിട്ട് യുഎസ് പട്ടാള വിമാനങ്ങളിൽ കൊണ്ടു തള്ളാതെ മനുഷ്യത്വപരമായി സിവിലിയൻ വിമാനങ്ങളിൽ കയറ്റി അയക്കണം എന്നാണ് കൊളംബിയ ആവശ്യപ്പെട്ടത്.
കൊളംബിയയ്ക്ക് മേൽ നിരവധി താരിഫുകളും ഉപരോധങ്ങളും ഏർപ്പെടുത്താൻ തന്റെ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. രാജ്യത്ത് നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും അടിയന്തരമായി 25% താരിഫ് ഏർപ്പെടുത്തും. ഒരാഴ്ചയ്ക്കുള്ളിൽ അത് 50% ആയി ഉയർത്തും, കൊളംബിയൻ പൗരന്മാർക്ക് “യാത്രാ നിരോധനം” ഏർപ്പെടുത്തും. യുഎസിലെ കൊളംബിയൻ ഉദ്യോഗസ്ഥരുടേയും പിന്തുണക്കാരുടേയും വീസ റദ്ദാക്കും – ട്രംപ് കൽപിച്ചു.യുഎസ് ചുങ്കം ഏർപ്പെടുത്തിയാൻ യുഎസിലെ ഉൽപ്പന്നങ്ങൾക്കും ചുങ്കം ഏർപ്പെടുത്തുമെന്ന് കൊളംബിയ അറിയിച്ചു.
“നമ്മുടെ സഹ പൗരന്മാരെ കുറ്റവാളികളെപ്പോലെ പരിഗണിക്കാതെ സിവിലിയൻ വിമാനങ്ങളിൽ അയച്ചാൽ സ്വീകരിക്കുമെന്ന്” കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ അറിയിച്ചിരുന്നു. കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരാൻ കൊളംബിയൻ പ്രസിഡൻഷ്യൽ വിമാനം അയക്കാമെന്ന നിർദേശം മുന്നോട്ടു വച്ചെങ്കിലും അമേരിക്ക അത് സ്വീകരിച്ചില്ല. എന്നു മാത്രമല്ല , കൊളംബിയയുമായുള്ള ഒരു ചർച്ചയ്ക്കും തയാറല്ല എന്ന് വൈറ്റ്ഹൌസ് വ്യക്തമാക്കി. ഇന്നു വൈകിട്ടോടെ നിരോധനം നിലവിൽ വരും.കൊളംബിയയുടെ പ്രസിഡന്റ് പെട്രോയ്ക്ക് ഡൊണാൾഡ് ട്രംപിനെ പണ്ടേ ഇഷ്ടമില്ല. അതൊരു രഹസ്യവുമല്ല. അദ്ദേഹം പല തവണ അത് പരസ്യമാക്കിയതുമാണ്. മുൻകാലങ്ങളിൽ കുടിയേറ്റത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള ട്രംപിൻ്റെ നയങ്ങളെ അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു.
ട്രംപ് അത്യാഗ്രഹം കാരണം മനുഷ്യവർഗത്തെ തുടച്ചുനീക്കുമെന്ന്” പെട്രോ ഇന്നലെ പറഞ്ഞു, കൂടാതെ ട്രംപ് കൊളംബിയക്കാരെ രണ്ടാംകിട മനുഷ്യരായാണ് കണക്കാക്കുന്നതെന്നും താൻ ഉൾപ്പെടെ ഒരു മനുഷ്യരും അങ്ങനെ രണ്ടാംകിടക്കാർ അല്ലെന്നും പെട്രോ വ്യക്തമാക്കി. ട്രംപ് “സാമ്പത്തിക ശക്തിയും ധാർഷ്ട്യവും ഉപയോഗിച്ച്” ഒരു “അട്ടിമറി നടത്താൻ” ശ്രമിക്കുമെങ്കിലും അദ്ദേഹത്തിന് ഒടുവിൽ തിരിച്ചടിയായിരിക്കും ഫലമെന്നും പെട്രോ അറിയിച്ചു.
പ്രതികാര തീരുവകൾ ചുമത്തുമെന്ന് പെട്രോയും ഭീഷണിപ്പെടുത്തി. എന്നു മാത്രമല്ല മാത്രമല്ല, “ഇന്ന് മുതൽ, കൊളംബിയ മുഴുവൻ ലോകത്തേയും തുറന്ന കൈകളോടെ സ്വീകരിക്കാൻ തയാറായിരിക്കുന്നു എന്ന് പ്രസ്താവിക്കുകയും ചെയ്തു.നിലവിൽ, ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ – ക്രിമിനൽ സംഘങ്ങളുടെ സഹായത്തോടെ കൊളംബിയയിലൂടെ സഞ്ചരിച്ചാണ് അമേരിക്കയിൽ എത്താറുള്ളത്. കൊളംബിയയ്ക്കും പനാമയ്ക്കും ഇടയിലുള്ള അപകടകരമായ ഡാരിയൻഗ്യാപ് ഇത്തരം കുടിയേറ്റക്കാരുടെ വഴിയാണ് .
കൊളംബിയ ലോകത്തെ മുഴവൻ സ്വാഗതം ചെയ്യുന്നതയാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇനിയും യുഎസ് അതിർത്തി കടന്നുള്ള അനധികൃത കുടിയേറ്റം തുടരുമോ? അതോ ചങ്ങലക്കിട്ട് നാടുകടത്തുന്ന അഭയാർഥികളുടെ ദൃശ്യങ്ങൾ അനധികൃത കുടിയേറ്റത്തിന് അന്ത്യം കൊണ്ടു വരുമോ? കാത്തിരുന്നു കാണാം.യുഎസിലെ ജനങ്ങളെയും ബാധിക്കുംകൊളംബിയയ്ക്കുമേലുള്ള ഈ 25% താരിഫുകൾ യുഎസ് ഉപഭോക്താക്കളെയും കൊളംബിയൻ കയറ്റുമതിക്കാരെയും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.
യുഎസിനു വേണ്ട കാപ്പിയുടെ ഏകദേശം 27% ഇറക്കുമതി ചെയ്യുന്നത് കൊളംബിയയിൽ നിന്നാണ്, അതുപോലെ തന്നെ വാഴപ്പഴം, ക്രൂഡ് ഓയിൽ, അവോക്കാഡോ, പൂക്കൾ തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളും ധാരാളം ഇറക്കുമതി ചെയ്യുന്നുണ്ട്. കാപ്പി ഇറക്കുമതി മാത്രം ഏകദേശം 2 ബില്യൺ ഡോളറിൻ്റേതാണ്.തീരുവകൾ മൂലം ഇറക്കുമതി കൂടുതൽ ചെലവേറിയതാകും. അതിനാൽ ഈ ഉൽപ്പന്നങ്ങളുടെ വില കൂടും. അല്ലെങ്കിൽ കൊളംബിയയെ വിട്ട് മറ്റേതെങ്കിലും രാജ്യത്തു നിന്ന് ഈ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ടി വരും. അങ്ങനെ വരുമ്പോൾ അത് കൊളംബിയൻ ഉൽപാദകരെ ബാധിക്കും.