ഗാസ: ഗാസയിൽ വെടിനിർത്തലും സമാധാനവും ഇനിയും അകലെ. യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനുമുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ശ്രമം ഇസ്രയേലിന്റെ സഖ്യരാഷ്ട്രമായ യുഎസ് തടഞ്ഞു. വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സമിതിയിൽ യുഎഇ അവതരിപ്പിച്ച കരട് പ്രമേയത്തെയാണ് യുഎസ് വീറ്റോ ചെയ്തത്. ഇസ്രയേലിനെ അനുകൂലിക്കുന്ന മറ്റൊരു വീറ്റോ രാഷ്ട്രമായ ബ്രിട്ടൻ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. 15 അംഗ സമിതിയിലെ ബാക്കിയെല്ലാവരും പ്രമേയത്തെ അനുകൂലിച്ചു.
നേരത്തേ തീരുമാനിച്ചതിലും മണിക്കൂറുകൾ വൈകി വെള്ളിയാഴ്ച വൈകിട്ടാണു വോട്ടെടുപ്പു നടന്നത്. പ്രമേയത്തെ എതിർത്ത യുഎസ് ഗാസയിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിക്ക് ഉത്തരവാദിയാകുകയാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. യുഎസിന്റേത് അധാർമിക നടപടിയാണെന്ന് ഹമാസ് പ്രതികരിച്ചു.