ന്യൂജഴ്സി: ബെർഗെൻ കൗണ്ടിയിലുള്ള പരാമുസിൽ 61 വയസുള്ള വിരുത്തികുളങ്ങര മാനുവൽ വി. തോമസ് കുത്തേറ്റു മരിച്ച കേസിൽ അദ്ദേഹത്തിന്റെ മകൻ മെൽവിൻ തോമസിനെ (32) അറസ്റ്റ് ചെയ്തു. അവിവാഹിതനും തൊഴിൽ രഹിതനുമായ മെൽവിൻ തന്നെയാണ് വെള്ളിയാഴ്ച വൈകിട്ടു പോലീസിനെ വിളിച്ചു വരുത്തിയതെന്നു അധികൃതർ പറഞ്ഞു.
ബ്രൂസ് ഡ്രൈവിലെ വീടിന്റെ ബേസ്‌മെന്റിൽ ഒട്ടേറെ കുത്തേറ്റ മുറിവുകളുമായി മരിച്ചു കിടക്കുകയായിരുന്നു മാനുവൽ തോമസ് എന്നു കൗണ്ടി പ്രോസിക്യൂട്ടർ മാർക്ക് മുസല്ല പറഞ്ഞു. 36 വർഷം മാനുവലിന്റെ ഭാര്യയായിരുന്ന ലിസി 2021ൽ മരണമടഞ്ഞിരുന്നു. ഇളയ മകനെ പോലീസ് വീട്ടിൽ കൊണ്ടുവന്നിരുന്നു.
കൊല നടത്തിയെന്നു സമ്മതിക്കുന്ന മെൽവിൻ അദ്ദേഹത്തിന്റെ പുത്രനാണെന്നു പോലീസ് പറഞ്ഞില്ല. പക്ഷെ ആ വീട്ടിൽ ജീവിച്ചിരുന്നത് അച്ഛനും മകനും ആണെന്നു അയൽവാസികൾ പറഞ്ഞു. രണ്ടു ദിവസമായി ജഡം വീട്ടിൽ കിടക്കുകയായിരുന്നു എന്നു മെൽവിൻ പോലീസിനോട് പറഞ്ഞു. കൊലക്കുറ്റത്തിനു പുറമെ ജഡം മലിനമാക്കി എന്ന കുറ്റവും മെൽവിന്റെ മേലുണ്ട്. നീതി തടസപ്പെടുത്താൻ ശ്രമിച്ചു, ആയുധം കൈയിൽ വച്ചു എന്നീ കുറ്റങ്ങളും.