മോൺട്രിയൽ : ഇന്ത്യൻ വംശജർ ഉൾപ്പെടെ എട്ടു പേരെ യുഎസിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെ കാനഡ അതിർത്തിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കാനഡ പാസ്പോർട്ട് കൈവശമുള്ള റുമേനിയൻ വംശജരും മരിച്ചവരിലുണ്ട്. കാനഡയിൽനിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് പൊലീസ് പറയുന്നത്. ആറു മുതിർന്നവരും രണ്ടു കുട്ടികളുമാണു മരിച്ചത്.
ആറുപേരുടെ മൃതദേഹങ്ങൾ തകർന്ന ഒരു ബോട്ടിനടുത്തു ചതുപ്പിൽനിന്നു വ്യാഴാഴ്ച വൈകിട്ടു കണ്ടെടുത്തിരുന്നു. ഈ ബോട്ട് അക്വെസാസ്നെ മൊഹൗക് സമുദായത്തിൽനിന്ന് കാണാതായ കേസി ഓക്സിന്റെ പേരിലുള്ളതാണ്. മുപ്പതുകാരനായ ഓക്സിനുവേണ്ടി അന്വേഷണം തുടരുകയാണെന്ന് അക്വെസാസ്നെ മൊഹൗക് പൊലീസ് മേധാവി ഷോൺ ഡുലൂഡ് പറഞ്ഞു.
മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രധാന കടത്തുകേന്ദ്രമാണ് ഇവിടമെന്ന് പൊലീസ് പറയുന്നു. ഈ വർഷം ഇതുവഴി യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം വർധിച്ചുവെന്ന് പൊലീസ് തന്നെ ഫെബ്രുവരിയിൽ വ്യക്തമാക്കിയിരുന്നു. ജനുവരി മുതൽ 80ൽ അധികം പേർ ഇതുവഴി കാനഡയിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ, റുമേനിയൻ വംശജരാണ്.
ഓക്സിലെ കാണാനില്ലെന്ന പരാതി കിട്ടിയ വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് ആദ്യ ആറു മൃതദേഹങ്ങൾ കണ്ടെത്തിയത്. മൊഹൗകിലെ സെന്റ് ലോറൻസ് നദിയിൽ സ്ഥിതിചെയ്യുന്ന കോൺവാൾ ദ്വീപിന്റെ കിഴക്കൻ അതിർത്തിയിൽനിന്ന് ബുധനാഴ്ച രാത്രി ഒൻപതരയോടെ ചെറിയ ബോട്ടിൽ പോകുന്ന ഓക്സിനെയാണ് അവസാനം കണ്ടതെന്നാണു പരാതിയിൽ പറയുന്നത്.