വാഷിംഗ്‌ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതി വിചാരണ റദാക്കുകയോ മാപ്പ് നൽകുകയോ ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. കേസ് ഒരു വേട്ടയാണെന്നും ട്രംപ് വിശേഷിപ്പിച്ചു. ‘നെതന്യാഹുവിന്റെ വിചാരണ ഉടനടി റദ്ദാക്കണം. അല്ലെങ്കിൽ മഹാനായ നായകന് മാപ്പ് നൽകണം.’ ട്രംപ് ബുധനാഴ്ച തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഇറാനുമായി സംഘർഷം അവസാനിച്ചതിന് പിന്നാലെ നെതന്യാഹുവിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി എന്നും ട്രംപ് പറഞ്ഞു. ഇസ്രായേലിന്റെ ‘യുദ്ധകാലത്തെ മഹത്തായ പ്രധാനമന്ത്രി’ എന്നാണ് നെതന്യാഹുവിനെ ട്രംപ് വിശേഷിപ്പിച്ചത്. ‘അവരുടെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്ന് അനുഭവിച്ച ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ പരിഹാസ്യമായ പ്രചാരണം തുടരുന്നുവെന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.’ ട്രംപ് എഴുതി.



