ന്യൂയോർക്ക് : അമേരിക്കയിലെ തെക്കു–മധ്യപടിഞ്ഞാറൻ മേഖലകളിൽ വീശിയടിച്ച കൊടുങ്കാറ്റിൽ മുപ്പതുപേർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ. ദുരിതബാധിത പ്രദേശങ്ങളിലുള്ള ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവർക്കൊപ്പം ഉണ്ടാകുമെന്നും ജോ ബൈഡൻ വ്യക്തമാക്കി.
വിവിധ കൗണ്ടികളിൽ കൊടുങ്കറ്റ് വിതച്ച നാശനഷ്ടങ്ങളുടെ കണക്കുകൾ സർവേ ടീം എടുക്കുമെന്ന് ദേശീയ കാലാവസ്ഥ സർവേ ഫീൽഡ് ഓഫീസ് ട്വീറ്റ് ചെയ്തു. മൂന്നോളം കൊടുങ്കാറ്റുകൾ ആഞ്ഞടിച്ചെന്നാണ് കണ്ടെത്തൽ. ദേശീയ കാലാവസ്ഥ സർവീസ് ഫീൽഡ് ഓഫീസിൽ നിന്നുള്ള അറിയിപ്പു പ്രകാരം ഇഎഫ് 2 ചുഴലിക്കാറ്റു വീശിയടിച്ച ടെന്നസിയിലാണു 13 മരണങ്ങൾ നടന്നത്. കനത്ത കാറ്റിൽ കെട്ടിടങ്ങൾ തകർന്നാണു ഒൻപതു പേരുടെ മരണം.
ഞായറാഴ്ച മെംഫിസിൽ രണ്ടു കുട്ടികളെയും മുതിർന്ന ഒരാളെയും മരിച്ചതായി കണ്ടെത്തി. നിരവധി വീടുകളുടെ മുകളിലായി മരങ്ങൾ വീണുകടിക്കുന്നതായി ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചിരുന്നു. അലബാമയിലെ മാഡിസൺ കൗണ്ടിയിലുള്ള ഒരു സ്ത്രീയും മരിച്ചിരുന്നു. അർകാൻസയിൽ അഞ്ചുപേരാണു മരിച്ചത്. ഇവിടെ മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച വീശിയടിച്ച കൊടുങ്കാറിൽ നാശനഷ്ടങ്ങൾ അനവധിയാണെന്നു അർകാൻസ ഗവർണർ സാറ ഹക്കബീ സാൻഡേർസ് പറഞ്ഞു. ഇൻഡ്യാനയിലെ രണ്ടു കൗണ്ടികളിൽ അഞ്ചുപേർ മരിച്ചു. ദമ്പതികളായ ബ്രെറ്റ് കിൻകെയ്ഡും (53) വെൻഡി കിൻകെയ്‍ഡിനെയും (47) സ്റ്റേറ്റ് പാർക്കിൽ മരിച്ചതായി കണ്ടെത്തി.
ഇല്ലിനോയിസിൽ 12 ഓളം കൊടുക്കാറ്റുകൾ നാശം വിതച്ചു. ബൂൺ കൗണ്ടിയിൽ വീശിയടിച്ച കാറ്റിൽ ഒരാൾക്കു ജീവൻ നഷ്ടമായി. അപ്പോളോ തിയേറ്ററിൽ കൺസേർട്ട് നടക്കുന്നതനിടെ മേൽക്കൂര ഇടിഞ്ഞുവീണായിരുന്നു ദാരുണാന്ത്യം. 48 പേർക്കു പരുക്കുണ്ട്. ഇല്ലിനോയിസിൽ നാലുപേരും ഡെലാവേറില്‍ ഒരാളും മിസിസിപ്പിയിൽ ഒരാളും മരിച്ചു.