റഷ്യയുടെ കിഴക്കൻ മേഖലയായ കംചത്ക ഉപദ്വീപിനു സമീപം പസിഫിക് സമുദ്രത്തിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്ന് റഷ്യൻ തീരങ്ങളിലും ജപ്പാനിലും ഹവായ് ദ്വീപിലും യുഎസിന്റെ പടിഞ്ഞാറൻ തീരങ്ങളിലും സൂനാമിത്തിരകൾ ആഞ്ഞടിച്ചിരുന്നു. ഇതിനുപിന്നാലെ ജപ്പാൻ തീരത്ത് നിരവധി തിമിംഗലങ്ങൾ അടിഞ്ഞു. ചിബയിലെ ടടെയാമ നഗരത്തിൽ തിമിംഗലങ്ങൾ തീരത്തടിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വലിയ തിമിംഗലങ്ങൾ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജപ്പാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സൂനാമി മുന്നറിയിപ്പ് നൽകിയതിനാൽ കലിഫോർണിയ, വാഷിങ്ടൻ ഉൾപ്പെടുന്ന യുഎസ് പടിഞ്ഞാറേ തീരം, അലാസ്ക, ഹവായ് എന്നിവിടങ്ങളിൽ ജനങ്ങൾ ഉയർന്ന സ്ഥലങ്ങളിലേക്കു മാറി. കംചത്ക ഉപദ്വീപിൽ ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 11.25ന് ആണ് 8.8 തീവ്രതയുള്ള ഭൂചലനമുണ്ടായത്. പെട്രോ പാവ്ലോസ്–കംചാറ്റ്സ്കി നഗരത്തിൽനിന്ന് 119 കിലോമീറ്റർ അകലെ, പസിഫിക് സമുദ്രത്തിൽ 19.3 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനം 3 മിനിറ്റോളം നീണ്ടുനിന്നതായി പ്രദേശവാസികൾ പറഞ്ഞു.



