വാഷിങ്ടൻ : റഷ്യൻ എണ്ണ വ്യാപാരത്തിന്റെ പേരിൽ ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കെതിരെ നടത്തുന്ന തീരുവ യുദ്ധത്തിൽ യുഎസിനു മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് മുൻ അംബാസഡർ നിക്കി ഹേലി. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം തകർച്ചയുടെ ഘട്ടത്തിലാണെന്നും ആഗോള ശക്തിയാകാൻ ആഗ്രഹിക്കുന്ന ചൈനയെ നിയന്ത്രിക്കണമെങ്കിൽ ഇന്ത്യയുമായി ബന്ധം പുനഃസ്ഥാപിക്കേണ്ടത് നിർണായകമാണെന്നും നിക്കി ഹേലി പറഞ്ഞു. ഇന്ത്യയെ ചൈനയെപ്പോലെ ഒരു എതിരാളിയായി കണക്കാക്കരുത്. ഇറക്കുമതി തീരുവ സംബന്ധിച്ച പ്രശ്നങ്ങളോ ഇന്ത്യ-പാക്ക് വെടിനിർത്തലിൽ യുഎസിന്റെ ഇടപെടൽ സംബന്ധിച്ച ചർച്ചയോ ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങൾക്കിടയിലുള്ള ബന്ധത്തിൽ വിള്ളൽ വീഴാനുള്ള കാരണമാകല്ലെന്നും നിക്കി ഹേലി ഒരു ലേഖനത്തിൽ പറഞ്ഞു.
റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകയായ നിക്കി ഹേലി, 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണച്ചിരുന്നെങ്കിലും ട്രംപിന്റെ കടുത്ത വിമർശകയായാണ് അറിയപ്പെടുന്നത്. ഏഷ്യയിലെ ചൈനീസ് ആധിപത്യത്തിന് പ്രതിരോധം തീർക്കാൻ കഴിയുന്ന ഒരേയൊരു രാജ്യമായ ഇന്ത്യയുമായുള്ള 25 വർഷത്തെ ബന്ധം വഷളാക്കുന്നത് നയതന്ത്രപരമായ ദുരന്തമായിരിക്കുമെന്ന് ലേഖനത്തിൽ നിക്കി ഹേലി മുന്നറിയിപ്പ് നൽകുന്നു.



