വാഷിംഗ്ടണ്‍: ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും റഷ്യയും ഏറ്റവും ഇരുണ്ട ചൈനയുടെ പക്ഷത്തായെന്നും അവര്‍ക്ക് ഒരുമിച്ച് ദീര്‍ഘകാലത്തേക്ക് മികച്ച ഭാവിയുണ്ടാകട്ടെയെന്നുമാണ് ട്രംപ് സ്വന്തം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമൊരിമിച്ചുള്ള ചിത്രം പങ്കുവെച്ചായിരുന്നു ട്രംപിന്റെ പരിഹാസം. അതേസമയം ട്രംപിന്റെ പരിഹാസത്തോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് രണ്‍ദീപ് ജയ്‌സ്വാളിൻ്റെ പ്രതികരണം.
ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് ട്രംപിന് റഷ്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രംപിന്റെ നയങ്ങളെ രൂക്ഷമായ ഭാഷയിലാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വിമര്‍ശിച്ചതും. ഇന്ത്യയെയും ചൈനയെയും വ്യാപാര പങ്കാളികളെന്ന് വിശേഷിപ്പിച്ച പുടിന്‍ ഏകാധിപത്യ ഭാഷ ഏഷ്യന്‍ ശക്തികളോട് വേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.



