വാഷിങ്ടൻ : റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ പുതിയ സമ്മർദ തന്ത്രവുമായി ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കെതിരെയും കൂടുതൽ തീരുവ ചുമത്താൻ ജി-7 രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടു. യുക്രെയ്നിൽ സമാധാന കരാർ നടപ്പാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ നീക്കം. വെള്ളിയാഴ്ച നടക്കുന്ന ജി-7 ധനമന്ത്രിമാരുടെ യോഗത്തിൽ യുഎസ് മുന്നോട്ട് വച്ച നിർദേശം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചൈനയ്ക്കും ഇന്ത്യയ്ക്കും 100 ശതമാനം വരെ തീരുവ ചുമത്താൻ ഡോണൾഡ് ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ജി–7 രാജ്യങ്ങള്‍ക്ക് മുന്നിലും ഇതേ നിർദേശം വച്ചിരിക്കുന്നത്.
യുഎസിന് പുറമെ യുകെ, കാനഡ, ഫ്രാൻസ്, ഇറ്റലി, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് ജി–7ൽ ഉള്ളത്. ‘‘റഷ്യൻ എണ്ണ ചൈനയും ഇന്ത്യയും വാങ്ങുന്നതിലൂടെ പുട്ടിന്റെ യുദ്ധ യന്ത്രത്തിന് ധനസഹായം നൽകുകയാണ്. യുക്രെയ്ൻ ജനതയെ ഉന്മൂലനം ചെയ്യുന്നതിലേക്കാണ് ഇത് നയിക്കുന്നത്. ഈ ആഴ്ച ആദ്യം, ഞങ്ങള്‍ യൂറോപ്യൻ യൂണിയനോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അവർ ഞങ്ങളോടൊപ്പം ചേരും. യുദ്ധം അവസാനിക്കുന്ന ദിവസം വരുന്നത് വരെ ഉയർന്ന തീരുവകൾ ഈ രാജ്യങ്ങൾക്കെതിരെ ചുമത്തണം. ജി-7 രാജ്യങ്ങളും ഞങ്ങളോടൊപ്പം മുന്നേറേണ്ടതുണ്ട്’’ – യുഎസ് ട്രഷറി വകുപ്പ് വക്താവ് പറഞ്ഞു.



