ലണ്ടൻ : അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമത്താവളത്തിന്റെ അധികാരം തിരിച്ചു പിടിക്കാൻ ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ താവളം താലിബാന് വിട്ടുകൊടുത്തതിനുശേഷമാണ് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് 2021ൽ പിൻവാങ്ങിയത്.
‘ഞങ്ങൾ ആ താവളം തിരികെ പിടിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങൾക്ക് ആ താവളം തിരികെ വേണം’–ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറുമൊത്തുള്ള വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ചൈന ബാഗ്രാം എയർബേസ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനാലാണ് അവിടേക്ക് യുഎസ് സൈന്യത്തെ മടക്കി കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാൻ ബാഗ്രാമിൽ ഒരു ചെറിയ സൈനിക കേന്ദ്രം നിലനിർത്തുമെന്ന് ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയേക്കുമെന്ന സൂചനകളാണ് ട്രംപിന്റെ വാക്കുകളിലുള്ളത്.
അഫ്ഗാനിസ്ഥാൻ കാരണമല്ല, ചൈന കാരണമാണ് ഈ താവളം യുഎസിനു നിലനിർത്തേണ്ടി വരുന്നതെന്ന് ട്രംപ് പറഞ്ഞു. ചൈനയുടെ ആണവ കേന്ദ്രങ്ങൾക്ക് സമീപമാണ് ഈ വ്യോമത്താവളം സ്ഥിതി ചെയ്യുന്നതെന്നും അതാണ് താവളത്തിന്റെ പ്രാധാന്യമെന്നും ട്രംപ് പറഞ്ഞു. ബാഗ്രാം വ്യോമത്താവളം വളരെക്കാലം യുഎസിന്റെ പ്രധാന സൈനിക താവളമായിരുന്നു. കാബൂളിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്കാണ് ഈ താവളം സ്ഥിതി ചെയ്യുന്നത്. ചൈന, പാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുടെ അതിർത്തികളോട് ചേർന്നാണിത്.



