വാഷിങ്ടൻ : റഷ്യയിൽ നിന്ന് ഉയർന്ന വിലയ്ക്ക് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട്, ഉയർന്ന തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ വഷളായ ഇന്ത്യ – യുഎസ് ബന്ധം മെച്ചപ്പെടുന്നതായി സൂചന. ഉഭയകക്ഷി ബന്ധത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇന്ത്യ-യുഎസ് ബന്ധം ശക്തമായി തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നും ഉദ്യോഗസ്ഥൻ രാജ്യാന്തര മാധ്യമത്തോട് വെളിപ്പെടുത്തി. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ന്യൂഡൽഹിയിൽ നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ട്.
‘‘നിങ്ങൾ മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് കാണും. അവർക്കിടയിൽ വളരെ വളരെ പോസിറ്റീവായ ഒരു ബന്ധമുണ്ട്. ക്വാഡ് ഉച്ചകോടി ഈ വർഷമല്ലെങ്കിൽ, അടുത്ത വർഷമായിരിക്കും. അതിനുള്ള തീയതികള്‍ തീരുമാനിക്കാൻ ചർച്ചകൾ നടക്കുകയാണ്’’ – പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. തീരുവത്തർക്കം കാരണം ട്രംപ് ക്വാഡ് ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പോകില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ – യുഎസ് ചർച്ചകൾ പോസിറ്റീവായി പുരോഗമിക്കുന്നുണ്ടെന്നും വരും ആഴ്ചകളിൽ ഒരു പരിഹാരം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.



