Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ സന്ദർശനത്തിന്റെ വിശദാംശങ്ങൾ

മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ സന്ദർശനത്തിന്റെ വിശദാംശങ്ങൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജൂൺ 8 മുതൽ 18 വരെ നടത്തുന്ന യുഎസ്, ക്യൂബ സന്ദർശനത്തിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി ഓഫിസ് പുറത്തിറക്കി. ന്യൂയോർക്കിൽ ജൂൺ 9 മുതൽ 11 വരെ നടക്കുന്ന ലോക കേരള സഭാ മേഖലാ സമ്മേളനമാണ് യുഎസിലെ പരിപാടി. ആരോഗ്യ രംഗത്തെ സഹകരണമാണ് ക്യൂബ സന്ദർശനത്തിന്റെ പ്രധാന അജൻഡ. യാത്രയ്ക്കു കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്നു.

ജൂൺ 9നു ന്യൂയോർക്കിലെ 9/11 സ്മാരകം മുഖ്യമന്ത്രി സന്ദർശിക്കും. തുടർന്ന് യുഎൻ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദർശനം നടത്തും. ജൂൺ 10ന് രാവിലെ ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക്‌ക്വീയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷനാകുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖരും ലോക കേരള സഭാംഗങ്ങളും ചീഫ് സെക്രട്ടറി വി.പി.ജോയി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

ജൂൺ 11നു മാരിയറ്റ് മാർക്ക് ക്വീയിൽ ചേരുന്ന ബിസിനസ് ഇൻവെസ്റ്റ്മെന്റ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകർ, പ്രമുഖ പ്രവാസി മലയാളികൾ, ഐടി വിദഗ്ധർ, വിദ്യാർഥികൾ, വനിതാ സംരംഭകർ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. അന്നു വൈകിട്ട് ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.

ജൂൺ 12നു വാഷിങ്ടൻ ഡിസിയിൽ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡന്റ് മാർട്ടിൻ റെയിസറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ജൂൺ 13നു മാരിലാൻഡ് വേസ്റ്റ് മാനേജ്മെന്റ് സംവിധാനങ്ങൾ മുഖ്യമന്ത്രി നേരിട്ട് സന്ദർശിച്ച് മനസ്സിലാക്കും. ജൂൺ 14നു ന്യൂയോർക്കിൽനിന്നും ക്യൂബ തലസ്ഥാനമായ ഹവാനയിലേക്ക് തിരിക്കും. ജൂൺ 15, 16 തീയതികളിൽ ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. നിരവധി പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജോസ് മാർട്ടി ദേശീയ സ്മാരകം അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദർശിക്കുന്നുണ്ട്.

മുഖ്യമന്ത്രിക്കു പുറമേ സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി കെ.എൻ.ബാലഗോപാൽ, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി.ജോയ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ.രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.ഏബ്രഹാം തുടങ്ങിയവരാണ് യുഎസ് സന്ദർശനത്തിലുള്ളത്. ക്യൂബ സന്ദർശനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുമുണ്ടാകും. നോർക്ക ഡയറക്ടർമാരായ എം.എ.യൂസഫലി, രവി പിള്ള, ജെ.കെ.മേനോൻ, ഒ.വി.മുസ്തഫ എന്നിവരും യുഎസിലെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments