Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅമേരിക്കൻ മലയാളികൾക്ക് ഇത് അഭിമാന നിമിഷം; സ്റ്റാഫോർഡ് സിറ്റി മേയറായി കെൻ മാത്യുവിന് ഉജ്ജ്വല വിജയം

അമേരിക്കൻ മലയാളികൾക്ക് ഇത് അഭിമാന നിമിഷം; സ്റ്റാഫോർഡ് സിറ്റി മേയറായി കെൻ മാത്യുവിന് ഉജ്ജ്വല വിജയം

ജീമോൻ റാന്നി

ഹൂസ്റ്റൺ: സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ മലയാളി കെൻ മാത്യുവിനു ഉജ്ജ്വല വിജയം. ഹൂസ്റ്റൺ മലയാളികൾക്കും ഇത് അഭിമാനത്തിന്റെയും ആവേശത്തിന്റെയും ദിനമാണ്. ഒരേ നഗരത്തിൽ രണ്ടു മലയാളി മേയർമാർ എന്നതാണ് സവിശേഷത. ഇത് ചരിത്രതത്തിൽ എന്നും ഓർമിക്കപെടുക തന്നെ ചെയ്യും.

ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ കെൻ മാത്യു നിലവിലുള്ള മേയർ സെസിൽ വില്ലിസിനെയാണ് പരാജയപ്പെടുത്തിയത്. മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിനൊപ്പം സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യുവും ഇന്ന് മലയാളികളുടെ അഭിമാനത്തെ വാനോളം ഉയർത്തുന്നു. അമേരിക്കയിൽ നിലവിൽ 3 മലയാളി മേയർമാരാണുള്ളത്. ഡാളസ് സണ്ണിവെയിൽ സിറ്റി മേയർ സജി ജോർജ് എന്നിവരോടൊപ്പം മൂന്നാമത്തെ മേയറാകും കെൻ മാത്യു.

മെയ് 6 നു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ നിലവിലുള്ള മേയർ സെസിൽ വില്ലിസ് ഉൾപ്പെടെ 4 പേർ മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും ആർക്കും അമ്പത് ശതമാനം വോട്ടുകൾ വന്നപ്പോൾ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച സെസിൽ വില്ലിസും കെൻ മാത്യുവും റൺ ഓഫിൽ മത്സരിക്കുയായിരുന്നു.

തന്റെ വിജയത്തിന് വേണ്ടി ആഴ്ചകളായി കഠിനാധ്വാനം ചെയ്‌ത എല്ലാ മലയാളി, ഇന്ത്യൻ സുഹൃത്തുക്കൾക്കും കെൻ മാത്യു ആത്മാർത്ഥമായ നന്ദി പ്രകാശിപ്പിച്ചു. നിരവധി മീറ്റിംഗുകൾ, വാട്ടസ്ആപ് കൂട്ടായ്‌മകൾ, സ്റ്റാഫോർഡിലെ ഭവനങ്ങൾ കയറിയിറങ്ങി വോട്ടുകൾ അഭ്യർഥിച്ച വോളന്റീയർമാർ, വോട്ടർമാരെ ഫോണിൽ വിളിച്ചു വോട്ടുകൾ അഭ്യർത്ഥിച്ച സുഹൃത്തുക്കൾ, വിവിധ നിലകളിൽ പ്രവർത്തിച്ച എല്ലാവരെയും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നുവെന്നു കെൻ മാത്യു പറഞ്ഞു.

അമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം സിറ്റി കൗൺസിലംഗമായിരിക്കുന്ന മലയാളി എന്ന പദവി അലങ്കരിക്കുന്ന കെൻ മാത്യു സിറ്റി മേയറായി മത്സരിക്കുന്നു എന്നത് ഈ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കിയിരുന്നു. കഴിഞ്ഞ 17 വർഷമായി സിറ്റി കൗൺസിൽ അംഗമായി തുടരുന്ന കെൻ മാത്യു നിരവധി തവണ പ്രോടെം മേയറായും പ്രവർത്തിച്ചു.ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിര സാന്നിധ്യമായ കെൻ സ്റ്റാഫ്‌ഫോർഡ് ഇക്കണോമിക് ഡെവലപ്മെന്റ് കോർപറേഷൻ വൈസ് പ്രസിഡന്റ്, മുൻ ട്രഷറർ എന്നീട് പദവികളും വഹിച്ചിട്ടുണ്ട്. സ്റ്റാഫ്‌ഫോർഡ് സിറ്റി പ്ലാനിങ് ആൻഡ് സോണിങ് കമ്മീഷൻ മെമ്പർ, ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളേജ് ഫോർട്ട് ബെൻഡ് സിസ്റ്റം അഡ്വൈസറി ബോർഡ് മെമ്പർ തുടങ്ങിയ ചുമതലകളൂം നിർവഹിച്ചിട്ടുണ്ട്.

യൂണിവേഴ്സിറ്റി ഓഫ് ഡെട്രോയിട്ടിൽ നിന്നും എംബിഎയും ബിബിഎ യും നേടിയ കെൻ മാത്യു ബോംബെ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബികോം ബിരുദവും നേടി. ഹൂസ്റ്റനിൽ ഫിനാൻസ് ഡയറക്റായി പ്രവർത്തിച്ച ഇദ്ദേഹം 41 വർഷമായി ഹൂസ്റ്റനിൽ സ്റ്റാഫ്‌ഫോർഡിൽ തന്നെയാണ് താമസം. കായംകുളം സ്വദേശിയാണ് ലീലാമ്മയാണ് ഭാര്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments