പി പി ചെറിയാൻ
ഹൂസ്റ്റൺ : വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലെ സ്പ്രിംഗ് വാലി വില്ലേജ് ഏരിയയിൽ കുട്ടിയെ കൂട്ടികൊണ്ട് പോകുന്നതിന് എത്തിയ മുൻ പങ്കാളിയെ വെടിവച്ച് കൊന്ന് പുരുഷൻ ജീവനൊടുക്കി. ഞായറാഴ്ച രാത്രി 10 നാണ് സംഭവം നടന്നത്.
കുട്ടിയെ മുൻ പങ്കാളിയിൽ നിന്നും സ്വീകരിക്കാനാണ് യുവതി എത്തിയത്. ഇവർ ഒരുമിച്ച് താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ പാർക്കിങ് സ്ഥലത്ത് എത്തിയ യുവതിയെ അവിടെ വച്ച് മുൻ പങ്കാളി വെടിവച്ച് കൊലപ്പെടുത്തി. 23 കാരനായ യുവാവ് ഇവിടെയായിരുന്നു താമസിച്ചിരുന്നത്. കൊല്ലപ്പെട്ട യുവതിക്ക് 25 വയസ്സ് പ്രായമുണ്ട്.
ഒരാഴ്ച്ച മുൻ പങ്കാളിയുടെ കൂടെ താമസിച്ച മകനെ തിരികെ കൂട്ടികൊണ്ട് പോകുന്നതിനാണ് യുവതിയെത്തിയത്. പ്രായപൂർത്തിയായ രണ്ട് പേരും 16 മാസം പ്രായമുള്ള കുട്ടിയും യുവതിയുടെ കൂടെ കാറിലുണ്ടായിരുന്നു.
‘‘ആക്രമം നടക്കുന്ന സമയത്ത് താൻ വീട്ടിലുണ്ടായിരുന്നു. സഹോദരന്റെ രണ്ട് വയസ്സുള്ള കുട്ടിയും തന്റെ കൂടെയായിരുന്നു. വെടിയുതിർക്കുന്ന ശബ്ദം കേട്ടത് വിശ്വസിക്കാൻ സാധിച്ചില്ല. കുട്ടിയെ താൻ ഒളിപ്പിച്ചു. അതു കൊണ്ട് അവൻ രക്ഷപ്പെട്ടു.’’– കൃത്യം നടത്തിയ വ്യക്തിയുടെ സഹോദരനായ മാർലോൺ പറഞ്ഞു.
യുവതിയെ കൊലപ്പെടുത്തിയ ശേഷം ഓടിപ്പോയ പ്രതിയെ പിന്നീട് സ്വയം വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.