ഒർലാൻഡോ : യുഎസിലെ ഒർലാൻഡോയിൽ റോളർ കോസ്‌റ്റർ റൈഡിൽനിന്നും വീണ് ആറു വയസ്സുകാരന് ഗുരുതര പരുക്ക്. ഓഗസ്റ്റ് മൂന്നിന് ഫൺ സ്പോട്ട് അമേരിക്ക തീം പാർക്കിലായിരുന്നു അപകടം. റോളർ കോസ്റ്റർ റൈഡിന്റെ ട്രാക്കിലാണു കുട്ടിയെ കണ്ടെത്തിയത്. ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നും അന്വേഷണം നടക്കുന്നതായും ഓസ്സിയോള കൗണ്ടി വക്താവ് മാർക് പിനോ പറഞ്ഞു.
അപകടത്തെ തുടർന്ന് റോളർ കോസ്റ്റർ പ്രവർത്തനം നിർത്തി. ഉദ്യോഗസ്ഥർ പാർക്കിലെത്തി പരിശോധന നടത്തി. എന്തെങ്കിലും പ്രശ്നങ്ങൾ റോളർ കോസ്റ്ററിന് ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് തീം പാർക്ക് വ്യക്തമാക്കി. സമാനമായ മറ്റൊരു സംഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയേ റോളർ കോസ്റ്റർ വീണ്ടും പ്രവർത്തനം ആരംഭിക്കുവെന്നു പാർക്ക് അധികൃതർ പറഞ്ഞു.



