ന്യൂഡൽഹി : യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷിച്ച് കാത്തിരിക്കുന്നത് 10.7 ലക്ഷം ഇന്ത്യക്കാരെന്ന് പഠനം. ഇബി–2, ഇബി–3 വിഭാഗത്തിലെ ഈ അപേക്ഷകൾ തീർപ്പാക്കാനായി 134 വർഷം വേണ്ടി വരുമെന്നാണ് യുഎസിലെ കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇമിഗ്രേഷൻ സ്റ്റഡീസ് അസോഷ്യേറ്റ് ഡയറക്ടർ ഡേവിഡ് ജെ. ബിയെർ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. എച്ച്1ബി വീസയിലെത്തിയവർ ഏറിയ പങ്കും ഇബി–2, ഇബി–3 (സ്കിൽഡ് വർക്കേഴ്സ്) വിഭാഗത്തിലാണ്. അപേക്ഷിച്ചവരിൽ 4.24 ലക്ഷത്തോളം പേർക്ക് അവരുടെ ജീവിത കാലത്ത് ഗ്രീൻ കാർഡ് കിട്ടാൻ ഇടയില്ലെന്നും പഠനം പറയുന്നു.
ഒരു വർഷം 1.4 ലക്ഷം തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾ മാത്രമാണ് യുഎസ് നൽകുന്നത്. ഓരോ രാജ്യത്തിനും 7% എന്ന പരിധിയുമുണ്ട്. ഇക്കാരണത്താലാണ് കാത്തിരിപ്പ് അനന്തമായി നീളുന്നത്. മാതാപിതാക്കളോടൊപ്പം യുഎസിലെത്തിയ കുട്ടികളെയാണ് പ്രശ്നം ഏറ്റവുമധികം ബാധിക്കുന്നത്.
എച്ച്1ബി വീസയിൽ മാതാപിതാക്കൾക്കൊപ്പമെത്തുന്ന കുട്ടികൾക്ക് 21 വയസ്സു വരെ എച്ച് –4 വീസയിൽ യുഎസിൽ കഴിയാം. ഈ കാലയളവിനുള്ളിൽ മാതാപിതാക്കൾക്ക് ഗ്രീൻ കാർഡ് ലഭിച്ചില്ലെങ്കിൽ നാട്ടിൽ നിന്ന് പഠനത്തിനായി എത്തുന്ന കുട്ടികളെടുക്കുന്ന എഫ്–1 വീസ എടുക്കേണ്ടി വരും.
ഉയർന്ന ഫീസ്, ജോലി ചെയ്യുന്നതിനുള്ള പരിമിതി അടക്കമുള്ള പ്രതിബന്ധങ്ങളുണ്ടാകാം. എഫ്–1 വീസ കിട്ടാതെ വന്നാൽ ഇവർ നാട്ടിലേക്ക് മടങ്ങേണ്ടതായും വരാം.
യുഎസിൽ ജനിച്ചു വളർന്ന കുട്ടികൾക്ക് തിരികെപ്പോക്ക് എളുപ്പമായിരിക്കില്ല. ഏകദേശം1.3 ലക്ഷം കുട്ടികൾക്ക് 21 വയസ്സിനകം ഗ്രീൻ കാർഡ് ലഭിച്ചേക്കില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്.