ഗസ്സ: ഇസ്രായേലും ഹമാസും തമ്മിൽ ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ ഇസ്രായേലിന് പിന്തുണയുമായി യു.എസ്. മെഡിറ്ററേനിയൻ കടലിലുള്ള യുദ്ധക്കപ്പലുകൾ ഇസ്രായേലിനോട് അടുത്ത കിഴക്കൻ തീരത്തേക്ക് നീങ്ങുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഇസ്രായേലിനുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണ അടിവരയിടുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചിരുന്നു. സൈനിക സഹായം നൽകുമെന്ന് ബൈഡൻ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും മേഖലയിലേക്ക് നീങ്ങുന്നത്.
അതിനിടെ ഗസ്സയിലേക്ക് കരമാർഗം ആക്രമണം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ. 48 മണിക്കൂറിനകം സൈനിക നീക്കം തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഗസ്സയിൽ വൈദ്യുതിവിതരണം പൂർണമായും നിലച്ചിരിക്കുകയാണ്. ആശുപത്രികളുടെ പ്രവർത്തനവും താറുമാറായിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് രണ്ടായിരത്തിലേറെ ആളുകളാണ് ആശുപത്രികളിൽ എത്തിയത്.
ഗസ്സ പൂർണമായും പിടിച്ചെടുക്കാനാണ് ഇസ്രായേൽ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗസ്സയെ ആളില്ലാ മരുഭൂമിയാക്കി മാറ്റുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.