ജീമോൻ റാന്നി
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനയായ പാസഡീന മലയാളി അസോസിയേഷൻറെ (പിഎംഎ) 31- മത് വാർഷികവും ഓണാഘോഷ പരിപാടികളും – “ഓണനിലാവ്” എന്ന പേരിൽ ട്രിനിറ്റി മാർത്തോമാ ചർച്ച് ച്ച ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാ പരിപാടികളോടെ അരങ്ങേറി. ഒക്ടോബർ 7 നു ശനിയാഴ്ച വൈകുന്നേരം 4 നു ആരംഭിച്ച സമ്മേളനത്തിൽ റിച്ചാർഡ്സ് ജേക്കബ് സ്വാഗതം ആശംസിച്ചു.
തുടർന്ന് പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ ജോമോൻ ജേക്കബിന്റെ നേതൃത്വത്തിൽ സെക്രട്ടറിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സംയുകതമായി തിരി തെളിച്ച് പരിപാടിയുടെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിച്ചു.സെക്രട്ടറി സലിം അറക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അകാലത്തിൽ വിട്ടുപിരിഞ്ഞ അംഗവും സന്തത സഹചാരിയുമായിരുന്ന ആൽബർട് തോമസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.
ഹൂസ്റ്റണിലെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ സമാപനം കുറിച്ച ഓണാഘോഷമായിരുന്നു പിഎംഎ യുടേത്.ഹൂസ്റ്റണിലെ ഈ വർഷത്തെ ഓണാഘോഷങ്ങളിൽ ഏറ്റവും വർണശബളമായ ഓണാഘാഷമാണെന്ന് സംഘാടകരും സംബന്ധിച്ചവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. മുന്നൂറിലേറെ പേര് പങ്കെടുത്ത പരിപാടിയിൽ പുലി കളിയുടെയും നാസിക് ധോളിന്റെയും ചിയർ ഗേൾസിന്റെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വെഞ്ചാമരം വീശി മാവേലി മന്നന്റെ എഴുന്നള്ളത് എത്തിച്ചേർന്നത് ഏവരുടെയും കണ്ണിനും മനസ്സിനും കുളിർമയേകി.
സിനിമാറ്റിക് ഡാൻസുകൾ, പാട്ടുകൾ, തിരുവാതിര , ഓണപ്പാട്ട്, വനിതാ ചെണ്ടമേളം, വയലിൻ ഫ്യൂഷൻ, പുലികളി, നാസിക് ധോൾ എന്നിവക്ക് പുറമെ തോമസ് ഉമ്മന്റെ നേതൃത്വത്തിൽ ജോമോനും സലീമും ബിജോയിയും റിച്ചാർഡ്സും ചേർന്ന് നിർമിച്ച അതി മനോഹരമായ ചുണ്ടൻ വള്ളത്തിലുള്ള വള്ളം കളിയും സദസ്സിനു മറക്കുവാൻ പറ്റാത്ത അനുഭവമായി. സിനി ആര്ടിസ്റ് ലതീഷ് കൃഷ്‌ണന്റെ നേതൃത്വത്തിൽ അരുൺ, റോബിൻ, റിച്ചാർഡ്‌സ്, ജോമോൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച കോമഡി സ്കിറ് മറ്റൊരു അനുഭവമായി. അസ്സോസിയേഷന്റെ യുവനിര അവതരിപ്പിച്ച ഗ്രാന്റ് ഫിനാലെ ഡാൻസ് സദസ്സിനെ കോരിത്തരിപ്പിച്ചു.
ആഘോഷ പരിപാടികൾ മനോഹരമാക്കി തീർത്തതിന് മുൻകൈയെടുത്ത പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ ജോമോൻ ജേക്കബ്, സെക്രട്ടറി സലിം അറക്കൽ, എക്സിക്യൂട്ടീവ് മെമ്പർമാരായ തോമസ് ഉമ്മൻ, ഈശോ എബ്രഹാം, ജോഷി വർഗീസ്, ജോർജ് വർക്കി, ആന്റണി ജെയിംസ് , റിച്ചാർഡ്‌സ് ജേക്കബ് തുടങ്ങിയവർക്ക് ബാബു കൂടത്തിനാൽ പ്രത്യേക നന്ദി പറഞ്ഞു.
പരിപാടികളുടെ മനോഹര ചിത്രങ്ങൾ പകർത്തിയ ജിബിൻ കുര്യനും വീഡിയോ ചിത്രീകരിച്ച ബിജോയ് സ്കറിയക്കും ഓണ സദ്യ ഒരുക്കിയ ആന്റണി ജോസഫിനും സ്‌പൈസി കറീസിനും പ്രത്യേക നന്ദി അറിയിച്ചു. തികച്ചും സൗജന്യമായിരുന്ന ഓണാഘോഷത്തിന് ലക്കി കൂപ്പൺ നറുക്കെടുപ്പിൽ സമ്മാനാർഹരായവർക്കു അബാക്കസ് ട്രാവൽസ് നൽകിയ സ്വർണ നാണയങ്ങളും സ്ട്രൈഡ് റിയൽറ്റർ നൽകിയ ക്യാഷ് പ്രൈസുകളും സമ്മാനിച്ചു.
പ്രൊഫഷണൽ ഡക്ററ് ക്ലീനേഴ്‌സ്, സ്‌പൈസി കറീസ്, റിയൽറ്റർ അലക്സ് പാപ്പച്ചൻ, TWFG ചാണ്ടപിള്ള മാത്യൂസ് ഇൻഷുറൻസ്, റിയൽറ്റർ വിനോദ് ഈപ്പൻ എന്നിവര് പരിപാടിയുടെ മുഖ്യ സ്പോൺസർമാരായിരുന്നു. അസ്സോസിയേഷന്റെ പരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.