ഒട്ടാവ : ഇന്ത്യയിൽനിന്ന് കൂടുതൽ നയതന്ത്രജ്ഞരെ തിരിച്ചയയ്ക്കുന്നത് ഇരു രാജ്യത്തെയും പൗരന്മാരുടെ സാധാരണ ജീവിതത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്ന മുന്നറിയിപ്പുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന ഇന്ത്യയുടെ ഭീഷണിയെ തുടർന്ന് കഴിഞ്ഞ ദിവസം 41 നയതന്ത്രജ്ഞരെയാണ് കാനഡ തിരിച്ചുവിളിച്ചത്. ജൂണിൽ ഖലിസ്ഥാൻ വാദി ഹർദിപ് സിങ് നിജ്ജർ കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന ട്രൂഡോയുടെ പ്രസ്താവനയാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.
ഇന്ത്യയിലെയും കാനഡയിലെയും ലക്ഷക്കണക്കിനു പേരുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നതാണ് ഇന്ത്യയുടെ തീരുമാനം. നയതന്ത്ര ബന്ധത്തിന്റെ അടിസ്ഥാന തത്ത്വങ്ങളേപ്പോലും മാനിക്കാതെയുള്ള നീക്കമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ഇന്ത്യയിൽ വേരുള്ള നിരവധി ആളുകൾ കാനഡയിലുണ്ട്. അവരുടെ സന്തോഷം കൂടി ഇല്ലാതാക്കുന്ന രീതിയിലാണ് ഇന്ത്യയുടെ നീക്കങ്ങളെന്നും ട്രൂഡോ മാധ്യമങ്ങളോടു പ്രതികരിച്ചു. നയതന്ത്രജ്ഞരെ നീക്കിയത് ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്ര, വ്യാപാരം എന്നിവയേയും കാനഡയിൽ പഠിക്കുന്ന വിദ്യാർഥികളേയും പ്രതികൂലമായി ബാധിക്കുമെന്ന് ട്രൂഡോ കൂട്ടിച്ചേർത്തു.
കാനഡയിലെ 20 ലക്ഷത്തോളം പേർ ഇന്ത്യൻ വംശജരാണ്. ആകെ ജനസംഖ്യയുെട 5 ശതമാനം വരുമിത്. കാനഡയിലെ വിദേശ വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണ്. നിലവിൽ കാനഡയുടെ 21 നയതന്ത്രജ്ഞര്‍ മാത്രമാണ് ഇന്ത്യയിൽ അവശേഷിക്കുന്നത്.