പി. പി. ചെറിയാൻ
ന്യൂയോർക്ക്: സിഖ് തലപ്പാവ് അർത്ഥമാക്കുന്നത് തീവ്രവാദമല്ല, മറിച്ച് വിശ്വാസത്തെയാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്. സമീപകാലത്ത് ആക്രമണങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും രാജ്യത്തിന് കളങ്കമാണ്. സൗത്ത് റിച്ച്മണ്ട് ഹില്ലിലെ ക്വീൻസ് അയൽപക്കത്തുള്ള ബാബ മഖാൻ ഷാ ലുബാന സിഖ് സെന്ററിൽ സിഖ് സമൂഹത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ സമുദായത്തിലെ ഒരു അംഗത്തിന് നേരെ അക്രമണമുണ്ടായാൽ, അതിന്റെ ധാർമിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു. പ്രയാസകരമായ സമയങ്ങളിൽ നിങ്ങൾ സംരക്ഷകരായിരുന്നു. നിങ്ങളുടെ സമുദായത്തെ ചേർത്ത് പിടിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ സമുദായത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തെ പ്രതിനിധീകരിക്കാൻ സിഖ് സമൂഹം മേയർക്ക് ഒരു വാൾ സമ്മാനിച്ചു. മേയർ എന്ന നിലയിൽ താൻ സിഖ് സമുദായത്തിന്റെ സംരക്ഷകനായിരിക്കണം എന്നതിന്റെ പ്രതീകമാണ് വാളെന്ന് ആഡംസ് കൂട്ടിച്ചേർത്തു.