അതീവ തീവ്രതയുള്ള ആണവബോംബ് നിർമിക്കാൻ യുഎസ്. ബി61 എന്ന ശക്തമായ ആണവബോംബ് വകഭേദമാണ് യുഎസ് നിർമിക്കുന്നത്. ഗ്രാവിറ്റി ബോംബ് എന്നറിയപ്പെടുന്ന വിഭാഗത്തിലുൾപ്പെടുന്ന ഈ ബോംബ് വികസനത്തിലാണെന്നും യുഎസ് അറിയിച്ചു. 360 കിലോ ടണാണ് ബോംബിന്‌റെ ശേഷി. വിമാനങ്ങളിൽ നിന്ന് താഴേക്കിട്ട ശേഷം ഗുരുത്വാകർഷണത്തിൽ നയിക്കപ്പെട്ട് ഭൂമിയിൽ വീഴുന്ന ബോംബുകളാണ് ഗ്രാവിറ്റി ബോംബുകൾ. ഫ്രീഫോൾ ബോംബെന്നും ഇവ അറിയപ്പെടുന്നു.
ചൈന, റഷ്യ എന്നീ ആണവശക്തികളിൽ നിന്നു യുഎസ് നേരിടുന്ന മത്സരമാണ് ഇത്തരമൊരു ബോംബ് നിർമിക്കുന്നതിലേക്കു യുഎസിനെ നയിക്കുന്നത്. ബി61-12 വരെ പേരുകളിൽ നേരത്തെ യുഎസ് ബോംബ് വികസിപ്പിച്ചിരുന്നു. ബി61 13 എന്നാണ് പുതിയ ബോംബിന്‌റെ സാങ്കേതികമായ പേര്. അഞ്ഞൂറോളം ഗ്രാവിറ്റി ബോംബുകൾ യുഎസിന്‌റെ പക്കലുണ്ട്. പുതിയ ബോംബ് ജപ്പാനിലെ ഹിരോഷിമയിൽ രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക വർഷിച്ചതിന്‌റെ 24 മടങ്ങു കരുത്തുറ്റതാണ്. തൊട്ടുപിന്നാലെ നാഗസാക്കിയിൽ യുഎസ് ഇട്ട ബോംബിന്‌റെ 14 മടങ്ങ് കരുത്തും ഇതിനുണ്ട്.
നവീനകാല സുരക്ഷ, കൃത്യത എന്നിവ പുതിയ ബോംബിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു യുഎസ് പ്രതിരോധവകുപ്പ് അറിയിച്ചു. എന്നാൽ ശക്തമായതും കൂടുതൽ മേഖലയിൽ വ്യാപിച്ചിരിക്കുന്നതുമായ സേനാവിന്യാസങ്ങളെ തകർക്കാൻ ഇതു യുഎസിനു കരുത്തു നൽകും.എന്നാൽ പുതിയ ബോംബിന്‌റെ വികസനം വഴി തങ്ങളുടെ ആയുധങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ യുഎസിന്‌റെ ആയുധപ്പുരയിലുള്ള ബി61-7 ആണവബോംബുകളിൽ ചിലതു മാറ്റി പകരം ഇവ സ്ഥാപിക്കും.