കലിഫോർണിയ : കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫിസിലെ ജീവനക്കാരനായ 17 കാരൻ സ്റ്റേറ്റ് ബാർ ഓഫ് കലിഫോർണിയ പരീക്ഷ പാസായി. പീറ്റർ പാർക്കാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഈ പരീക്ഷയിൽ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പീറ്റർ പാർക്ക് എന്ന് തുലാരെ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് അവകാശപ്പെട്ടു. അതേസമയം, ഈ പരീക്ഷ ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പീറ്ററെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് സ്റ്റേറ്റ് ബാർ അറിയിച്ചു. എങ്കിലും കൗമാര പ്രായത്തിൽ തന്നെ പീറ്റർ കരസ്ഥമാക്കിയ നേട്ടത്തെ സ്റ്റേറ്റ് ബാർ പ്രശംസിച്ചു. കലിഫോർണിയ ബാർ പരീക്ഷ വിജയിക്കുക എന്നത് ഏത് പ്രായത്തിലും ഒരു പ്രധാന നേട്ടമാണ്. പീറ്റർ പാർക്കിനെപ്പോലെയുള്ള ഒരാൾക്ക് ഇത് തികച്ചും അസാധാരണമായ ഒരു നേട്ടമാണ്. ഇത് ആഘോഷിക്കപ്പെടേണ്ട ഒന്നാണ്
പീറ്റർ പാർക്ക് ജൂലൈയിലാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞ മാസം 9 ന് പരീക്ഷാ ഫലം വന്നുവെന്ന് ജില്ലാ അറ്റോർണി ഓഫിസ് ഈ ആഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പരീക്ഷ എളുപ്പമായിരുന്നില്ല. പക്ഷേ ഈ നേട്ടം മികച്ചതാണെന്ന് പീറ്റർ പാർക്ക് പ്രസ്താവനയിൽ പറഞ്ഞു.
2019-ൽ 13-ാം വയസ്സിൽ കലിഫോർണിയയിലെ സൈപ്രസിലെ ഓക്‌സ്‌ഫോർഡ് അക്കാദമിയിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം ആരംഭിച്ച പാർക്ക്, കോളേജ് തലത്തിലുള്ള പ്രാവീണ്യ പരീക്ഷകൾ പൂർത്തിയാക്കിയ ശേഷം നോർത്ത് വെസ്‌റ്റേൺ കലിഫോർണിയ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലോയിൽ നാല് വർഷത്തെ ജൂറിസ് ഡോക്‌ടർ പ്രോഗ്രാമിന് ചേരുകയായിരുന്നു.