പി. പി. ചെറിയാൻ
വാഷിങ്‌ടൻ : 2024 ൽ വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടാൽ, തനിക്ക് ശേഷം അടുത്ത പ്രസിഡന്‍റിന് സമാധാനപരമായി അധികാരം കൈമാറുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. റേഡിയോ ഹോസ്റ്റ് ഹ്യൂ ഹെവിറ്റ് വെള്ളിയാഴ്ച നടത്തിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. 2020 ലെ മത്സരത്തിന്‍റെ ഫലങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചതിൽ ട്രംപ് കുറ്റാരോപിതനായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന തന്‍റെ തെറ്റായ അവകാശവാദങ്ങൾ വെള്ളിയാഴ്ചയും അദ്ദേഹം ആവർത്തിച്ചു.
വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ സമാധാനപരമായി അധികാരം കൈമാറുമോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നാണ് ട്രംപ് ഹെവിറ്റിനോട് പ്രതികരിച്ചത്. ഇത്തവണ ഞാൻ അത് ചെയ്യും. പിന്നെ എന്താണെന്ന് ഞാൻ പറയാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു, അതിന് ധാരാളം തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. 2024ലെ പ്രസിഡൻഷ്യൽ മൽസരം അടുത്തിരിക്കുകയും ന്യൂ ഹാംഷെയർ പ്രൈമറിക്ക് ശേഷം മറ്റൊരു റിപ്പബ്ലിക്കൻ സ്ഥാനാർഥി കൂടി ബാക്കിയുണ്ടെങ്കിൽ അവരുമായി ചർച്ച നടത്തുമെന്നും ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.