ഗാസ : ഗാസ മുനമ്പിൽ കൊടുംനാശം വിതയ്ക്കുന്ന ആക്രമണം അവസാനിപ്പിക്കണമെന്നു രാജ്യാന്തര സമൂഹം ആവശ്യപ്പെടുന്നതിനിടെ, കൂടുതൽ ആയുധങ്ങൾ ഇസ്രയേലിനു നൽകാൻ യുഎസ് തീരുമാനം. യുഎസ് കോൺഗ്രസിന്റെ അംഗീകാരമില്ലാതെയുള്ള അടിയന്തര സഹായമായാണ് ഈ മാസം ഇതു രണ്ടാംതവണ ഇസ്രയേലിന് ആയുധങ്ങൾ വിൽക്കുന്നത്. ഡിസംബർ ഒൻപതിന് 10.6 കോടി ഡോളർ വിലവരുന്ന 14,000 ടാങ്ക് ഷെല്ലുകൾ നൽകാൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അംഗീകാരം നൽകിയിരുന്നു. ഈ ഷെല്ലുകൾ പ്രവർത്തിപ്പിക്കുന്നതിനുവേണ്ട ഫ്യൂസുകൾ, ചാർജറുകൾ ഉൾപ്പെടെയുള്ള അനുബന്ധ ഉപകരണങ്ങളാണു പുതുതായി നൽകുന്നത്. 14.7 കോടി ഡോളറിന്റെ ഇടപാടാണിത്.
ഇതിനിടെ, അഭയാർഥി ക്യാംപുകൾക്കു നേരെയും ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ചതോടെ, ഗാസയിൽ സുരക്ഷിതസ്ഥലം എങ്ങുമില്ലാതായി. മധ്യഗാസയിലെ നുസൈറത്ത്, ബുറൈജ് ക്യാംപുകൾക്കു നേരെയാണ് വെള്ളിയാഴ്ച രാത്രി ആക്രമണമുണ്ടായത്. നുസൈറത്ത് ക്യാംപിൽ അഭയം തേടിയ അൽ ക്വാദ് ടിവി ചാനൽ പ്രവർത്തകരെ ലക്ഷ്യം വച്ചായിരുന്നു ബോംബിങ്. ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പുമായി ബന്ധമുള്ള ചാനലാണിത്. മാധ്യമപ്രവർത്തകൻ ജാബർ അബു ഹദ്രോസും 6 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ഇന്നലെ 165 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21,672 ആയി. 56,000 പേർക്കാണു പരുക്കേറ്റത്.