ഷിക്കാഗോ : ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് മിഡ്‌വെസ്റ്റിലും സൗത്തിലും വിമാനം വൈകുകയും റദ്ദാക്കുകയും ചെയ്തതിനെ തുടർന്ന് നൂറുകണക്കിന് യാത്രക്കാർ യുഎസ് വിമാനത്താവളങ്ങളിൽ കുടുങ്ങിയതായി റിപ്പോർട്ട്. കൊടുങ്കാറ്റ് കാരണം ഇതുവരെ 2400-ലധികം വിമാനങ്ങൾ വൈകിയതായും 2000-ലധികം വിമാനങ്ങൾ റദ്ദാക്കിയതായും ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റിൽ(FlightAware.com) നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
ഷിക്കാഗോയിലെ ഒ’ഹെയർ ഇന്‍റർനാഷനൽ എയർപോർട്ടിൽ 36 ശതമാനം ഇൻബൗണ്ട് ഫ്ലൈറ്റുകളിൽ 40 ശതമാനവും റദ്ദാക്കി, ഷിക്കാഗോ മിഡ്‌വേ ഇന്‍റർനാഷനൽ എയർപോർട്ട് ഔട്ട്‌ബൗണ്ട്, ഇൻബൗണ്ട് ഫ്ലൈറ്റുകളുടെ 60% റദ്ദാക്കി. അതേസമയം, ഡെൻവർ ഇന്‍റർനാഷനൽ, മിൽവാക്കി മിച്ചൽ ഇന്‍റർനാഷനൽ എന്നിവ ഉൾപ്പെടെയുള്ള മറ്റ് വിമാനത്താവളങ്ങളിലും വിമാന സർവീസ് റദ്ദാക്കുകയും വൈകിയതായും റിപ്പോർട്ടുണ്ട്. രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, 737 മാക്‌സ് 9 വിമാനങ്ങൾ നിലത്തിറക്കിയത് മൂലമുള്ള റദ്ദാക്കലുകളും വിമാനയാത്രക്കാരെ പ്രതികൂലമായി ബാധിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നിർബന്ധിത ഗ്രൗണ്ടിങ് കാരണം ഈ ആഴ്ച ഓരോ ദിവസവും 200ലധികം യുണൈറ്റഡ്, അലാസ്ക എയർലൈൻസ് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
കൂടാതെ കൊടുങ്കാറ്റ് മേഖലയിലെ വൈദ്യുതി വിതരണത്തെയും ബാധിച്ചിട്ടുണ്ട്. കൊടുങ്കാറ്റ് ശക്തമായ മേഖലകളിൽ ഇടിമിന്നലുകളും മഞ്ഞുവീഴ്ചയും ശക്തമായതിനാൽ വൈദ്യുതി തടസ്സം ഉണ്ടാകുന്നുണ്ട്. ഗ്രേറ്റ് ലേക്കുകളിലും സൗത്തിലും വെള്ളിയാഴ്ച രാവിലെ വരെ ഏകദേശം 250,000 വീടുകളിലും ബിസിനസ്സുകളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇല്ലിനോയ് ,ഷിക്കോഗോ സംസ്ഥാനങ്ങളിലാണ് വൈദ്യുതി പ്രതിസന്ധി കൂടുതലായിരിക്കുന്നത്.