വാഷിംങ്ടൺ: തോമസ് മാത്യു ക്രൂക്‌സ്, പ്രായം 20, സ്വദേശം പെൻസിൽവാനിയ. മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെ നിറയൊഴിച്ച ശേഷമാണ് തോമസ് മാത്യു ക്രൂക്സ് ആഗോള ശ്രദ്ധയിലെത്തിയത്. പെൻസിൽവാനിയയിൽ ബട്‌ലർ എന്ന സ്ഥലത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെയാണ് ഡൊണാൾഡ് ട്രംപിന് നേരെ ഇയാൾ നിറയൊഴിച്ചത്. സംഭവ സ്ഥലത്ത് തന്നെ പൊലീസിൻ്റെ വെടിയേറ്റ് ക്രൂക്സ് കൊല്ലപ്പെട്ടു. ഇയാളുടെ വെടിയേറ്റ 50കാരനായ മറ്റൊരു മനുഷ്യനും സംഭവത്തിൽ മരിച്ചു. മറ്റ് രണ്ട് പേർക്കും ട്രംപിൻ്റെ ചെവിക്കും പരിക്കേറ്റു.
ട്രംപിൻ്റെ പ്രചാരണ പരിപാടി നടന്ന സ്ഥലത്ത് നിന്ന് 150 മീറ്റർ മാറി ഒരു കെട്ടിടത്തിൻ്റെ ടെറസിൽ കയറിയാണ് ക്രൂക്സ് കൃത്യം നടത്തിയത്. അച്ഛൻ്റെ പേരിലുള്ള എ.ആർ15 സ്റ്റൈൽ സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. റിപ്പബ്ലിക്കൻ പാർട്ടിയിൽ അംഗമായ ക്രൂക്സ്, ഈ വരുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നവംബർ അഞ്ചിന് തൻ്റെ ആദ്യത്തെ വോട്ട് രേഖപ്പെടുത്തേണ്ടതായിരുന്നു