വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന്‍റെ പ്രചാരണറാലിക്ക് തുടക്കം. ട്രമ്പിനെതിരെ ആഞ്ഞടിച്ചുള്ള വിസ്കോൺസിലെ നടന്ന ആദ്യ പ്രചരണ റാലിയിൽ പുതിയൊരു മുദ്രാവാക്യം കൂടി കമല മുന്നോട്ട് വെച്ചു. ഡെമോക്രാറ്റിക് പാർട്ടിയുടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വം ഉറപ്പിക്കാൻ വേണ്ട പിന്തുണ മുതിർന്ന ഡെലിഗേറ്റുകളിൽ നിന്ന് നേടിയ ശേഷമാണ് നിലവിലെ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് വിസ്കോൺസിലിൽ ആദ്യ പ്രചാരണത്തിന് എത്തിയത്.
ഡോണൾഡ് ട്രമ്പിനെതിരെ നിശിത വിമർശനങ്ങൾ ഒന്നിന് പുറകെ ഒന്നായി കമല ഹാരിസ് ഉന്നയിച്ചു. വിദ്യാർത്ഥി സമൂഹത്തെ ട്രമ്പ് വഞ്ചിക്കുകയായിരുന്നു എന്നും ഇനിയും അത് തുടരാനാണ് പദ്ധതി എന്നും കുറ്റപ്പെടുത്തൽ. ലൈംഗിക പീഡന കേസുകളിലെ പ്രതിയാണ് തന്‍റെ എതിരാളി എന്നത് നാണക്കേടാണ് എന്നും കമല പറഞ്ഞു. ഒരു മുൻ അഭിഭാഷകയും മഹാപാതകിയും തമ്മിലുള്ള ആശയപരമായ പോരാട്ടമാണ് നവംബറിൽ നടക്കുകയെന്നും കമല റാലിയില്‍ പ്രസംഗിച്ചു.
അമേരിക്കയിലെ മധ്യവർത്തി വിഭാഗത്തെ താങ്ങുനിർത്തുക എന്നതാണ് തന്റെ സ്ഥാനാർഥിത്വം ലക്ഷ്യം വെക്കുന്നതും മിസ്സിസ് ഹാരിസ് പ്രഖ്യാപിച്ചു. മധ്യവർഗ്ഗം ശക്തിപ്പെട്ടാൽ അമേരിക്ക ശക്തിപ്പെടും. ട്രമ്പ് മുന്നോട്ട് വെക്കുന്ന 2025ലെ അജണ്ട, വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ സമ്പദ് വ്യവസ്ഥ പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. അവിടേക്ക് ഒരു മടങ്ങിപ്പോക്കില്ല എന്ന് കമല പറഞ്ഞതും കാണികൾ അത് ഏറ്റെടുത്തു.
സ്ഥാനാർഥിത്വം ഔദ്യോഗികമായി ഉറപ്പിച്ചാൽ സ്വിങ്ങ് സ്റ്റേറ്റ്സ്സിലെ വോട്ടുകളിൽ ശ്രദ്ധയൂന്നിയാവും കമല ഹാരിന്റെ പ്രചാരണ പരിപാടികൾ മുന്നോട്ട് പോവുക എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.